കടുത്തുരുത്തി: ഗ്രാമ– നഗര വ്യത്യാസമില്ലാതെ വ്യാപകമാകുകയാണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം
പലയിടങ്ങളിലും കിണറുകളിലടക്കം ഇവയെ കണ്ടെത്തിയതോടെ കുടിവെള്ളം പോലും മുടങ്ങുന്ന സാഹചര്യമാണ്. ഒച്ചിനെ അബദ്ധവശാലെങ്ങാനും സ്പർശിച്ചാൽ കടുത്ത ചൊറിച്ചിലും പുകച്ചിലുമാണ്.
കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പുലുകൂട്ടുമ്മേല് ഭാഗത്ത് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി.
വീടിനകത്തേക്കു കയറിവരുന്ന ഒച്ചുകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. നേരം പുലരുമ്പോള്‍ ഉപ്പുമായി ജനങ്ങള്‍ നെട്ടോട്ടമൊടേണ്ട സാഹചര്യമാണ് നാട്ടിലുള്ളത്. അലരി ഭാഗത്തും കുറെ നാളുകളായി ആഫ്രിക്കന്‍ ഒച്ചുകളുടെ സജീവ സാന്നിധ്യമുണ്ടെന്ന് ഇവിടുത്തുകാരും പറയുന്നു.
ദിവസവും രാവിലെ പുരയിടത്തില്‍നിന്നും ഒച്ചുകളെ കണ്ടെത്തി ഉപ്പിട്ട് നശിപ്പിക്കുകയാണ് പ്രദേശവാസികള്‍.
ചെടികളും മറ്റും പൂര്‍ണമായും തിന്നു നശിപ്പിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഒച്ചുകളെന്ന് പ്രദേശവാസികള്‍ പറയുന്നു. ശക്തമായ മഴ കഴിയുമ്പോള്‍ ഒച്ചുകള്‍ കൂടുതലായി എത്തുന്നതായും ഇവര്‍ പറയുന്നു.
മുകള്‍ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഒച്ചുകള്‍ മഴവെള്ളത്തില്‍ ഒഴുകി താഴെ ഭാഗത്തേക്കും വ്യാപിക്കുകയാണ്.
ഇതോടെ കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിച്ചിരിക്കുകയാണെന്ന നിരീക്ഷണത്തിലാണ് പ്രദേശവാസികള്‍.
കൃഷിവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ ഇതിനെതിരേയുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.






