കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടക വാവുബലി തർപ്പണ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.
നാഗമ്പടം ശ്രീമഹാദേവക്ഷേത്ര മണപ്പുറത്ത് കർക്കടക അമാവാസി ദിനത്തില്‍ പതിനായിരങ്ങളാണ് ബലിതർപ്പണം നടത്തി പിതൃക്കള്‍ക്ക് പൂജ അർപ്പിക്കുന്നത്. ക്ഷേത്രസ്ഥാപനത്തിന് മുൻപ് തന്നെ നാഗമ്പടം മണപ്പുറത്ത് ബലിതർപ്പണ പൂജകള്‍ നടന്നിരുന്നു. നിലവില്‍ എല്ലാ ദിവസവും ബലിതർപ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഒരേ സമയം ബലി അർപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 12ന് രാവിലെ 4ന് മണപ്പുറത്ത് ബലിതർപ്പണ പൂജകള്‍ ആരംഭിക്കും. ഇതോടനുബന്ധിച്ച് വിശേഷാല്‍ തിലഹവനം, നമസ്കാരപൂജകള് തുടങ്ങിയ സായൂജ്യ പൂജകളും നടക്കും.
പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രി, മേല്‍ശാന്തി കുമരകം രജീഷ് ശാന്തി തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. കർക്കടക വാവുബലി പൂജകളില്‍ പങ്കെടുക്കുവാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ പ്രസാദമുള്‍പ്പെടെ ലഘുഭക്ഷണം, കാപ്പി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കണ്‍വീനർ സുരേഷ് പരമേശ്വരൻ അറിയിച്ചു.






