ഡൽഹി: ഗുജറാത്തിലെ സർക്കേജില് ദുരഭിമാനക്കൊല അരങ്ങേറി. ആണ്‍സുഹൃത്തിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടർന്ന് 22കാരിയായ സോഫിയ ഫറൂഖിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.
മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബില്‍ ഫറൂഖ് (38) എന്നിവരാണ് ഈ ക്രൂര കൃത്യത്തിന് പിടിയിലായത്.
സർക്കേജിലെ ഗെല്ജിപുരയിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചാണ് സോഫിയയെ പ്രതികള്‍ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ശേഷം യുവതിയുടേത് റോഡപകട മരണമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ വലിയ നാടകങ്ങള്‍ കളിച്ചു. ഓഗസ്റ്റ് 12-ന് രാത്രി സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ പിന്നില്‍ വാഹനം ഇടിച്ചുവെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിന് നല്കിയ വ്യാജ പരാതി.
തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ സോഫിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 13-ന് ജീവൻ നഷ്ടമായി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്നും പൊലീസിനെ കബളിപ്പിക്കാൻ പ്രതികള്‍ മെനഞ്ഞ കഥയാണെന്നും വ്യക്തമായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ടുപോയ ചുറ്റിക ഉപയോഗിച്ച് ഹാബില്‍ സോഫിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പിതാവ് സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.






