തിരുവനന്തപുരം: കള്ളൻ വിജയൻ' എന്ന പേരിലുള്ള ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ.
ആർ. അജയൻ രാജിവെച്ചു. വി.എസിന്റെ ഓർമദിവസത്തോടനുബന്ധിച്ചുള്ള ലേഖനത്തില്‍ നല്കിയ തലക്കെട്ടാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് രാജിവെക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
പാർട്ടി നിർദേശവും അച്ചടക്ക നടപടിയും
വിവാദത്തിന് പിന്നാലെ കെ. ആർ. അജയനെതിരെ സ്ഥാപനം നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയതിന് പിന്നാലെയാണ് രാജി ഉള്‍പ്പെടെയുള്ള തുടർനടപടികളുണ്ടായത്. വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ. ആർ. അജയനോട് രാജിവെക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കുകയോ വേണമെന്ന് സിപിഎം നിർദേശിച്ചിരുന്നു. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഈ നിർദേശം നല്‍കിയത്.
അജയന്റെ വിശദീകരണം
നേരത്തെ തന്നെ വിഷയത്തില്‍ പാർട്ടി നേതൃത്വം ഇടപെടുകയും അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കള്ളൻ വിജയൻ ഫീച്ചറില്‍ പാർട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു അദ്ദേഹം നല്കിയ മറുപടി.
ഏറ്റവും മികച്ചത് എന്ന നിലയിലാണ് 'കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ട് നല്‍കിയതെന്നും, തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താൻ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്കിയ മറുപടിയില്‍ കെ. ആർ. അജയൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക. ഈ വാർത്ത സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. കൂടുതല്‍ വാർത്തകള്‍ അറിയാൻ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.






