തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ. സ്കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വരവൂർ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനെ മർദ്ദിച്ചത്.
ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങള്‍ പകർത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. നേരത്തെയും സമാന രീതിയില്‍ മണികണ്ഠൻ വിദ്യാർഥികളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മർദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാർഥികള്‍ ഫോണ്‍ കൊണ്ടുവരികയും മർദനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തുകയുമായിരുന്നു.






