ഇടുക്കി:ബിഹാറില്‍ നിന്ന് അവധിക്കെത്തി കഞ്ചാവ് കച്ചവടം നടത്തിയ അധ്യാപകൻ എക്സൈസ് സംഘത്തിന്റെ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്.
ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യുന്ന റോബിൻ അവിടെ നിന്ന് കഞ്ചാവുമായാണ് നാട്ടിലെത്തിയത്. തുടർന്ന് , കച്ചവടം നടത്തുകയായിരുന്നു. കച്ചവടം നടത്തിയ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് ഇയാള്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനേയും മകനേയും പിടികൂടിയിട്ടുണ്ട്.
രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പില്‍ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയതോടെയാണ് റോബിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ബിഹാറിലെ ഇയാളുടെ ബന്ധു നടത്തുന്ന സ്കൂളിലെ അധ്യാപകനാണ് റോബിൻ. അവിടത്തെ എല്‍പി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് റോബിൻ റെജി. അവിടെ സുലഭമായി ലഭിക്കുന്ന കഞ്ചാവാണ് അവധിക്ക് വരുന്പോള്‍ നാട്ടിലേക്ക് എത്തിച്ച് വില്‍പ്പന നടത്തിയത്. ഇയാളുടെ മൊബൈലില്‍ നിന്ന് അവിടത്തെ കഞ്ചാവ് തോട്ടങ്ങളുടേയും ചെടികളുടേയും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.






