അടൂർ: കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി അടൂർ നഗരസഭ ആരോഗ്യവിഭാഗം പിടികൂടി.
ശനിയാഴ്ച പുലർച്ചെ 4.30ന് ബൈപാസ് റോഡില്‍ നിന്നാണ് വാഹനം പിടികൂടിയത്.
വാഹനത്തില്‍ നിന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെത്തി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിലുണ്ടായിരുന്ന പഴകുളം ബിനു മൻസിലില്‍ ഷാനുവിനെതിരേ (26) പൊലിസ് കേസെടുത്തു. വാറണ്ട് നിലവിലുള്ളതിനാല്‍ ഇയാളെ നൂറനാട് പൊലിസിന് കൈമാറി.
എംസി റോഡില്‍ മിത്രപുരം ഭാഗത്ത് റോഡരികിലെ ഓടയില്‍ മാലിന്യം തള്ളുന്നത് ആരോഗ്യവിഭാഗം സ്ക്വാഡ് അംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടർന്ന് വാഹനം പിന്തുടർന്നെത്തിയപ്പോള് കരുവാറ്റ സിഗ്നല്‍ ഭാഗത്തുനിന്ന് വീണ്ടും മാലിന്യം ശേഖരിക്കുന്നതായി കണ്ടെത്തി.
ഇതോടെ സ്ക്വാഡ് അംഗങ്ങള്‍ വാഹനം തടഞ്ഞു പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
അടൂർ നഗരസഭ ആരോഗ്യവിഭാഗം പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എം.പി. അമല്‍, എല്‍. മിനിമോള്‍, ജീവനക്കാരായ ജ്യോതിഷ്, യോഹന്നാൻ, മാത്തുക്കുട്ടി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.






