തിരുവനന്തപുരം :മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തുന്ന പരസ്യ പൊട്ടിത്തെറികള്‍ക്ക് പിന്നില്‍ നിര്‍ണ്ണായകമായ മദ്യനയ രൂപീകരണത്തിലെ അഭിപ്രായവ്യത്യാസങ്ങളെന്ന വിലയിരുത്തലും ശക്തം.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളില്‍ നിന്ന് യു.ഡി.എഫ് കണ്‍വീനറെ പൂര്‍ണ്ണമായും ഒഴിവാക്കിയതാണ് തര്‍ക്കങ്ങള്‍ പരസ്യപ്പോരിലേക്ക് വഴിമാറാന്‍ പ്രധാന കാരണമായത്. എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിലാണ് മദ്യനയവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്. മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങള്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍, ബാറുടമകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവരുമായി എക്സൈസ് മന്ത്രി നേരിട്ട് കൂടിക്കാഴ്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ മുന്നണിയുടെ നയരൂപീകരണങ്ങളില്‍ യു.ഡി.എഫ് കണ്‍വീനറുമായി ഇത്തരം വിഷയങ്ങളില്‍ ആശയവിനിമയം നടക്കാതിരുന്നത് അടൂര്‍ പ്രകാശിനെ ചൊടിപ്പിച്ചു. ബാറുടമ ആയതു കൊണ്ടായിരുന്നു അടൂര്‍ പ്രകാശിനെ മാറ്റിയതെന്നും സൂചനയുണ്ട്. മുന്നണിയില്‍ യാതൊരുവിധ നയപരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ പരസ്യ വിമര്‍ശനത്തിന് പിന്നില്‍ ഈ അവഗണനയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുന്നണി ഉപസമിതി രൂപീകരിച്ച് ചര്‍ച്ച നടത്തിയ ശേഷമേ കരട് തയ്യാറാക്കൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അതുണ്ടാകാതെ എക്സൈസ് മന്ത്രി നേരിട്ട് അഭിപ്രായ രൂപീകരണം നടത്തുകയായിരുന്നു. ഇത് മുന്നണി സംവിധാനത്തെയും കണ്‍വീനറുടെ പദവിയെയും നോക്കുകുത്തിയാക്കുന്നതിന് തുല്യമാണെന്നാണ് അടൂര്‍ പ്രകാശ് അനുകൂലികളുടെ വാദം. അതിന് അപ്പുറം ഈ വിഷയത്തില്‍ പ്രത്യേക താല്‍പ്പര്യം അടൂര്‍ പ്രകാശിനുണ്ടെന്ന് വിഡി പക്ഷം കരുതുന്നു.
രാഷ്ട്രീയപരമായ അവഗണനയ്ക്ക് പുറമെ വ്യക്തിപരമായ ബിസിനസ് താല്പര്യങ്ങളും ഈ എതിര്‍പ്പിന് ആക്കം കൂട്ടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തമായി ബാര്‍ ബിസിനസ് പങ്കാളിത്തമുള്ള അടൂര്‍ പ്രകാശിന്, പുതിയ മദ്യനയത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ വലിയ ആശങ്കയുണ്ട്. ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലാണ് മുഖ്യമന്ത്രി സതീശനെതിരെ നേരിട്ട് രംഗത്തുവരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും ശക്തമാണ്. നിലവില്‍ അര്‍ദ്ധരാത്രി 12 മണിവരെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ സമയം രാത്രി 10 മണിയാക്കി കുറയ്ക്കണമെന്നാണ് സാംസ്കാരിക-മദ്യവിരുദ്ധ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മദ്യോപയോഗം കുറയ്ക്കാന്‍ സമയം വെട്ടിച്ചുരുക്കണമെന്ന ആവശ്യത്തില്‍ കരട് നയത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയേറെയാണ്. എന്നാല്‍ പ്രവര്‍ത്തന സമയം കുറയ്ക്കരുതെന്ന് ബാറുടമകളും തൊഴിലാളി സംഘടനകളും ആവശ്യപ്പെടുമ്പോള്‍, സമയക്രമം കുറയ്ക്കുന്നത് തടയാന്‍ കണ്‍വീനര്‍ പദവി ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് അടൂര്‍ പ്രകാശ് ശ്രമിച്ചതെന്നാണ് സൂചന. ഇതുകൂടാതെ, മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം തിരികെ കൊണ്ടുവരണമെന്ന ആവശ്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. പ്രാദേശിക തലത്തില്‍ പുതിയ ബാറുകള്‍ തുറക്കുന്നതിന് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഈ നിര്‍ദ്ദേശത്തോടും ബാറുടമകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെ സമയം പുലര്‍ച്ചെ 3 മണിവരെ എന്നത് നിലനിര്‍ത്തുമ്പോള്‍, സാധാരണ ബാറുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന വാദവും ഉയരുന്നുണ്ട്
എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് നയം ഇനി യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുക. എന്നാല്‍ ചര്‍ച്ചകള്‍ക്കായി വിഷയം മുന്നണിയില്‍ എത്തുമ്പോള്‍, തുടക്കത്തില്‍ തന്നെ തങ്ങളെ മാറ്റിനിര്‍ത്തിയതില്‍ യു.ഡി.എഫ് കണ്‍വീനര്‍ കടുത്ത വിയോജിപ്പ് ഉന്നയിക്കാന്‍ സാധ്യതയേറെയാണ്. ഭരണതലത്തിലും മുന്നണിതലത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന ആരോപണം ശക്തമാക്കി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് അടൂര്‍ പ്രകാശിന്റെയും സതീശന് വിരുദ്ധ ചേരിയുടെയും നീക്കം. പക്ഷേ അതിനെ മദ്യ നയത്തില്‍ തകര്‍ക്കാനാണ് വിഡി ക്യാമ്പിന്റെ ലക്ഷ്യം.






