തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുകച്ചു പുറത്തുചാടിച്ചതാണെന്ന് യു.ഡി.എഫ് കണ്വീനർ അടൂർ പ്രകാശ് എം.പി.
സുധാകരനെ മാറ്റിയ പോലെ, കണ്വീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നതായി സംശയം തോന്നുന്നുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തില് പറഞ്ഞ കാര്യങ്ങളില് ഉറച്ചുനില്ക്കുന്നുവെന്നും കാഴ്ചക്കാരനാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറക്കിവിടാൻ ഉപജാപക സംഘം പ്രവർത്തിച്ചിരുന്നോ? എന്ന ചോദ്യത്തിന് 'ധീരനായ കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധാകരനെ ഒറ്റപ്പെടുത്തി ആ പദവിയില് നിന്ന് പുകച്ചു പുറത്താക്കുകയല്ലേ ചെയ്തത്, ഉപജാപമല്ലാതെ മറ്റെന്താണ്' -എന്നായിരുന്നു അടൂർ പ്രകാശിന്റെ മറുപടി.
താങ്കള്ക്കെതിരെയും അങ്ങനെ ഒരു ഉപജാപം നടക്കുന്നുണ്ടോ? എന്ന് ചോദിക്കുമ്പോഴാണ്, ഈ പോക്ക് കാണുമ്പോള് അങ്ങനെയൊരു നീക്കമുണ്ടോയെന്ന് സംശയം തോന്നുന്നുണ്ടെന്ന് പറഞ്ഞത്. ഇതിന് നേതൃത്വം നല്കുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും, അന്ന് തുറന്നു സംസാരിച്ചതിനെ തുടർന്ന് തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം സോഷ്യല് മീഡിയയിലടക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഇത് തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ''ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. ആരുടെ മുഖത്തുനോക്കിയും പറയും.
അന്ന് മറ്റു കാര്യങ്ങള് പറയാൻ വിളിച്ച വാർത്താ സമ്മേളനത്തില് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് കാര്യങ്ങള് തുറന്നു പറഞ്ഞത്. യു.ഡി.എഫ് കണ്വീനർകസേരയില് ഇരുന്നശേഷം അത്തരമൊരു അനുഭവം ഉണ്ടാകുമ്പോള് പ്രതികരിക്കുന്ന സ്വഭാവം ള്ളവരാണെങ്കില് പ്രതികരിക്കും. അതേ ഞാനും ചെയ്തുള്ളു.'' -അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.






