തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ പരാതി അടൂര്‍ പ്രകാശ് നാളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കും.
പിസിസി പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്ന സണ്ണി ജോസഫും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ദില്ലിയില്‍ പറയുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രകാശിന്റെ പരാതിയോടുളള ഹൈക്കമാന്‍ഡ് നീക്കമെന്തെന്നറിഞ്ഞ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിഡി ക്യാമ്പിന്റെ തീരുമാനം.
പറഞ്ഞ കാര്യങ്ങള്‍ക്ക് പരസ്യ പിന്തുണ നല്കിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ സമീപനങ്ങളില്‍ അതൃപ്തിയുളള സമാനമനസ്കര്‍ പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് പ്രകാശ് വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ചില കോണുകളില്‍ നിന്ന് വിമര്ശനമുണ്ടായിട്ടു പോലും പരാതിയുമായി ഡല്‍ഹിക്കു പോകാനുളള പ്രകാശിന്റെ തീരുമാനം. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെയും കഴിയുമെങ്കില്‍ സോണിയാഗാന്ധിയെയും നേരില്‍ കാണാനാണ് പ്രകാശിന്റെ ശ്രമം. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി ഡല്‍ഹി യാത്രയ്ക്കു മുന്നോടിയായി പ്രകാശ് തയാറാക്കിക്കഴിഞ്ഞു.






