കോട്ടയം: അടിമാലിയിലെ കൊടുംവളവില്‍ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് പതിച്ച ബൈക്ക് യാത്രികരെ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷിച്ച വനപാലകരുടെ മാതൃകാപരമായ കര്‍മ്മശേഷിക്ക് ഉചിതമായ അംഗീകാരം.
തക്കസമയത്ത് നടത്തിയ മിന്നല്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒരു ജീവന്‍കൂടി പൊലിയാതെ കാത്തുസൂക്ഷിച്ച ധീരരായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിപ്പിച്ച് അനുമോദിച്ചു.
പാറമ്പുഴയിലെ ഫോറസ്റ്റ് ഹൈറേഞ്ച് സര്‍ക്കിള്‍ ഓഫീസിലെ സെലക്ഷന് ഗ്രേഡ് ഡ്രൈവര്‍ പി.എസ്. ബിനോയ്മോന്‍, ജി.ഐ.എസ് വിദഗ്ദ്ധന് സി.പി. യദുകൃഷ്ണന്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് അനൂപ തോമസ് എന്നിവരാണ് നാടിന്റെ മുഴുവന്‍ ആദരവും ഏറ്റുവാങ്ങിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനപ്പുറം മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃകയാണ് ഈ ഉദ്യോഗസ്ഥര്‍ കാട്ടിക്കൊടുത്തത്.
കഴിഞ്ഞ ഒക്ടോബര്‍ 19-നാണ് നാടിനെ നടുക്കിയ ഈ ദാരുണമായ വാഹനാപകടം അരങ്ങേറിയത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി വാളറ മൂന്നുകലുങ്കിന് സമീപമാണ് യാത്രികര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞുപോയത്.
അപകടത്തിന്റെ ആഘാതത്തില്‍ മുപ്പതടിയോളം ആഴമുള്ള കൊക്കയിലേക്കാണ് ഇരുചക്ര വാഹനവും യുവാക്കളും പതിച്ചത്. പറവൂര്‍ സ്വദേശികളായ ആദിത്യന് (21), ഭഗത് കൃഷ്ണ (21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ആദിത്യന് സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെടുകയാണുണ്ടായത്.
അതേസമയം, കൂടെയുണ്ടായിരുന്ന ഭഗത് കൃഷ്ണ അതീവ ഗുരുദരാവസ്ഥയില് മരണത്തോട് മല്ലിട്ട് കൊക്കയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു. കൃത്യസമയത്ത് ഈ വഴി കടന്നുവന്ന വനപാലക സംഘത്തിന്റെ ഇടപെടലാണ് രണ്ടാമത്തെ യുവാവിന് പുനര്ജന്മം നല്കാന് കാരണമായത്.
മൂന്നാറിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി സഞ്ചരിക്കുകയായിരുന്ന വനപാലക സംഘം, റോഡില്‍ രൂപപ്പെട്ട വലിയ ഗതാഗതക്കുരുക്കിന്റെ കാരണം തിരക്കിയപ്പോഴാണ് അപകടവിവരം അറിയുന്നത്. തുടര്‍ന്ന് ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി സംഭവസ്ഥലത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
റോഡിന്റെ താഴ്ഭാഗത്തുള്ള പുഴയുടെ അപകടകരമായ പാറക്കെട്ടുകള്‍ക്കിടയിലാണ് തകര്‍ന്നുവീണ ബൈക്കും യുവാക്കളും കിടന്നിരുന്നത്. അവിടെയെത്തി നടത്തിയ പരിശോധനയിലാണ് ഭഗത് കൃഷ്ണയ്ക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് ബിനോയ്മോനും യദുകൃഷ്ണനും തിരിച്ചറിഞ്ഞത്.
ഉടന്‍തന്നെ തങ്ങളുടെ വാഹനത്തിലുണ്ടായിരുന്ന വസ്ത്രം ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു സ്ട്രെച്ചര്‍ സംവിധാനം അവര്‍ ഒരുക്കുകയായിരുന്നു. യദുവിന്റെ മുണ്ട് അഴിച്ചെടുത്ത് അതില്‍ പരിക്കേറ്റ യുവാവിനെ കിടത്തി, മുകളിലുള്ള റോഡിലേക്ക് അതിസാഹസികമായാണ് അവര്‍ കയറ്റിക്കൊണ്ടുവന്നത്. ഈ രക്ഷാദൗത്യത്തില്‍ അനൂപ തോമസും ഒപ്പം ചേര്‍ന്ന് വലിയ പിന്തുണ നല്കി
പരിക്കേറ്റ ഭഗത് കൃഷ്ണയെ ഉടന്‍തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ യുവാവ് അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നാണ് വിവരം.
വനപാലകരുടെ ഈ സമയോചിതമായ ഇടപെടലിനെക്കുറിച്ചറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. നസീം നേരിട്ട് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയായിരുന്നു. കാട്ടിലെയും വന്യജീവികളുടെയും സംരക്ഷകര്‍ മാത്രമല്ല, അത്യാഹിതങ്ങളില്‍ മനുഷ്യജീവന്റെ കാവലാളുകള്‍ കൂടിയാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍.






