മുംബയ്: മലയാളത്തിലടക്കം വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് ആറ്മണിയോടെയായിരുന്നു അന്ത്യം.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പത്ത് ദിവസം മുമ്പാണ് അദ്ദേഹത്തെ മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കാൻസർ സെന്ററിലേക്ക് മാറ്റിയത്. ഭാര്യയും വിക്രമാദിത്യൻ എന്ന മകനും അടങ്ങുന്നതാണ് കുടുംബം. നിരവധി പ്രമുഖർ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമാ മേഖലകളില്‍ സജീവമായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനാണ് തിരശ്ശീലവീണത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിആർ ചോപ്രയുടെ പരമ്പരയായ മഹാഭാരതത്തില്‍ ദ്രോണാചാര്യരുടെ പുത്രനായ അശ്വത്ഥാമാവായി വേഷം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. 1985ല്‍ പുറത്തിറങ്ങിയ 'മേരി ജംഗ്' ആണ് ആദ്യ സിനിമ.
2005ല്‍ സൂര്യ നായകനായ തമിഴ് ചിത്രം ഗജനിയിലെ വില്ലൻ വേഷത്തിലൂടെ ദക്ഷിണേന്ത്യയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 2008ല്‍ ആമിർ ഖാൻ നായകനായ ഹിന്ദി റിമേക്കിലും അതേ വേഷത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹൻലാല്‍ നായകനായെത്തിയ 'ചൈന ടൗണ്‍'(2011) എന്ന ചിത്രത്തിലും ശ്രദ്ധേയമായ വില്ലൻ വേഷത്തില്‍ അദ്ദേഹം തിളങ്ങിയിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ 'പതിരമണല്' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു
ലഗാൻ (2001), സർഫറോഷ്, ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ, എസ്.എസ്. രാജമൗലിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം 'സൈ' (2004), സ്റ്റാലിൻ, വീരം, ലൗക്യം, നേനു ശൈലജ, സരായിറോഡു, നേനേ രാജു നേനേ മന്ത്രി, ആയിരത്തില്‍ ഇരുവർ, മാർക്കറ്റ് രാജ എം.ബി.ബി.എസ്, മിസ് മാച്ച് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.






