വാഴക്കുളം: മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തില്‍ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുല്‍ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു അപകടം.
വാഴക്കുളത്തെ ന്യൂ കെയർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഗോകുല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
തൊടുപുഴ ഭാഗത്ത് നിന്ന് എത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.
അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസ്സുള്ളയാളാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍, ഇയാളുടെ പ്രായവും ഡ്രൈവിങ് ലൈസൻസ് ഉണ്ടോയെന്ന കാര്യവും സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഗോകുല്‍ അവിവാഹിതനാണ്. മാതാവ്: ഷീല. സഹോദരൻ: വിഷ്ണു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടത്തും.






