കോട്ടയം: കയർ ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ തള്ളി നിലംനികത്തുന്നതു സജീവമായിട്ടും നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നതായി ആക്ഷേപം.
ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് കേന്ദ്രീകരിച്ച് ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡിന്റെ ഇരുവശങ്ങളിലെയും പാടശേഖരങ്ങളാണ് നികത്തിക്കൊണ്ടിരിക്കുന്നത്. 1250 ഏക്കറോളം പാടശേഖരമാണ് ഇതുമൂലം മലിനമായി മാറിയത്.
കേളക്കരി, വട്ടക്കായല്‍, മഞ്ചാടിക്കരി, പുത്തൻകരി, കണ്ടമുണ്ടാകരി, മേയ്ക്കരി, ചൂരത്തറ എന്നീ പാടശേഖരങ്ങളും സമീപത്തുള്ള ജലാശയങ്ങളും ഇതുമൂലം മാലിന്യ വാഹിനികളായി മാറിക്കഴിഞ്ഞു. ചീപ്പുങ്കല്‍ കവണാറ്റിൻകര പ്രദേശങ്ങളിലും കയറുത്പന്ന മാലിന്യങ്ങള്‍ വൻ തോതില്‍ നിക്ഷേപിക്കുന്നുണ്ട്.
ആലപ്പുഴയില്‍ നിർമിക്കുന്ന കയറുത്പന്നങ്ങളുടെ അവശിഷ്ടങ്ങളാണ് നികത്തലിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. സംസ്കരിച്ച കയർ, റബർ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ പ്രകൃതിക്കു ദോഷമാകുന്ന മാലിന്യങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഉപേക്ഷിക്കരുതെന്ന് നിയമമുണ്ട്. അതിനാലാണ് അവ കോട്ടയത്ത് ഉപേക്ഷിക്കുന്നത്.
കയറും കയർ അവശിഷ്ടങ്ങളും മണ്ണിന്റെ സ്വാഭാവികതയ്ക്കു വ്യതിയാനം വരുത്തി ധാതുക്കളെ നശിപ്പിക്കുന്നതിനൊപ്പം ജലാശങ്ങളിലെ വെള്ളത്തിനു രൂക്ഷഗന്ധവും കറുത്തനിറവും നല്‍കും.
ആർപ്പൂക്കര പഞ്ചായത്ത്, കൃഷി, റവന്യു വകുപ്പുകള്‍ നടപടി സ്വീകരിക്കാത്തതിനുപിന്നില് അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.






