എറണാകുളം: കോടനാട്ടെ ഗുരുതര ആരോഗ്യപ്രശ്നമുള്ള ആന മായയെ വിദഗ്ധ ചികിത്സയ്ക്കായി വന്താരയിലേക്ക് മാറ്റുന്നു. 12 മണിയോടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ഗുജറാത്തിലേക്ക് പുറപ്പെടും.
ഉച്ചയ്ക്ക് 2.30 -ന് ജാംനഗറിലെത്തും. ആറ് മാസത്തോളം ചികിത്സ വേണ്ടിവരുമെന്നാണ് നിഗമനം. ആനയ്ക്ക് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.
ആനക്കുട്ടിയ്ക്ക് ജന്മനാ അസ്ഥിവൈകല്യവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ അടങ്ങിയ പരിചരണ സംഘവും ജാംനഗറിലേയ്ക്ക് പോകുമെന്ന് ഡിഎഫ്ഒ ജ്യോതിഷ് ഒഴാക്കല്‍ പറഞ്ഞു. രണ്ടു മണിയോടെ ജാംനഗറില്‍ എത്തും. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണം. അതിനുള്ള സൗകര്യം വന്താരയില് ഉണ്ട്. പൂര്‍ണ്ണമായും ഭേദമായ ശേഷം തിരികെ കേരളത്തില്‍ എത്തിക്കും- അദ്ദേഹം വ്യക്തമാക്കി.
18 മാസം മാത്രമാണ് ആനക്കുട്ടിക്ക് പ്രായമുള്ളത്. പ്രസവിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. കിട്ടിയപ്പോള്‍ തന്നെ ആനക്കുട്ടിക്ക് അസ്ഥി വൈകല്യം ഉണ്ടായിരുന്നു. അന്ന് മുതല്‍ തന്നെ എല്ലാ ചികിത്സയും നല്‍കുന്നുമുണ്ട്. പിന്നീട് കുട്ടിയാന ഒന്നുകൂടി വീഴുന്ന സാഹചര്യമുണ്ടായി. എല്ലുകള്‍ക്ക് പൊട്ടലുണ്ടായി. അതില്‍ നിന്ന് മുക്തയാകാന്‍ കഴിഞ്ഞില്ല. ഇതുകാരണമാണ് വന്താരയിലേക്ക് മാറ്റുന്നത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍, പാപ്പാന് എന്നിവര്‍ കൂടെ പോകുന്നുണ്ട്.
ആറുമാസം നീണ്ട ചികിത്സയാണ് നല്‍കുകയെന്നും ആരോഗ്യം മെച്ചപ്പെടുത്തി തിരികെ എത്തിക്കാമെന്ന് പ്രതീക്ഷയെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.






