വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഒപ്പുവെക്കുന്നതിന് അടുത്തെത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒക്ടോബർ 20-ന് മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാനിരിക്കവെയാണ് പ്രതികരണം നടത്തിയത് . ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഉഭയകക്ഷി ചർച്ചയും നടത്തും. ഇന്ത്യയുമായി വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് തങ്ങളെന്നും ഉടൻ തന്നെ അത്സാ ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ഇന്ധന വിതരണത്തെയും വിലയെയും ബാധിക്കാതിരിക്കാൻ കുറച്ചു മാസങ്ങളായി ചില ഉപരോധങ്ങളിൽ യുഎസിന് ഇളവുകൾ നൽകേണ്ടി വന്നിട്ടുണ്ടെന്ന് മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. യുഎസിൽ വിലക്കയറ്റമുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും സ്ഥിതി കൂടുതൽ രൂക്ഷമാണെന്നും ഓരോ രാജ്യത്തിനും പരിഗണിക്കേണ്ട സങ്കീർണമായ പല ഘടകങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ യാഥാർത്ഥ്യമാണ്. ബദൽ മാർഗ്ഗങ്ങളിലൂടെ ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുക എന്നത് ചില രാജ്യങ്ങൾക്ക് പ്രയാസകരമായിരിക്കും . വിദേശനയം രൂപീകരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
റഷ്യ- ഉക്രെയ്ൻ യുദ്ധം യുഎസ് വിദേശനയത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് മാത്രമല്ല നയരൂപീകരണത്തെ നയിക്കുന്നതെന്നും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും അവരുടെ ഊർജ്ജ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഒറ്റ വിഷയം ഉയർത്തിക്കാട്ടി മറ്റ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ കഴിയില്ലെന്നും മാർക്കോ റൂബിയോ വിശദീകരിച്ചു.






