.കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ആത്മീയജീവിതത്തില്‍ സവിശേഷസ്ഥാനം വഹിക്കുന്ന പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും 21ന്.
ആഘോഷങ്ങളുടെ ഭാഗമായി 24 വരെ പ്രത്യേക പരിപാടികളുണ്ടാകും.അമലോത്ഭവമാതാവിന്റെ നാമത്തില്‍ 1906ല്‍ സ്ഥാപിതമായ തീര്‍ത്ഥാടനകേന്ദ്രത്തിന് ഒരു നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ നിത്യവും എത്തുന്ന കേന്ദ്രവുമാണ് പാറേല്‍ പള്ളി.
കേരളീയ വാസ്തുശില്പ ശൈലിയിലുള്ള പുതിയ ദൈവാലയ നിര്‍മ്മാണത്തിനുള്ള ആസൂത്രണം 2013ല്‍ ആരംഭിച്ചതാണ്. 2015 ഓഗസ്റ്റ് 15നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രധാനശിലയുടെ സ്ഥാപനം നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍, വികാരി ജനറല്‍മാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്മായര് എന്നിവര്‍ചേര്‍ന്ന് ആകെ 15 ശിലകള്‍ സ്ഥാപിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പ്പണ തിരുനാള്‍ ദിനമായ 21നാണ് കൂദാശ. ഉച്ചകഴിഞ്ഞ രണ്ടിനു കൂദാശയ്ക്കു ശേഷം മാര്‍ ജോസഫ് പെരുന്തോട്ടം കുര്‍ബാനയര്‍പ്പിക്കും. 22നു രാവിലെ ഏഴിനു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കല്‍ക്കുരിശും 9.30നു പുതിയ കൊടിമരം മാര്‍ തോമസ് പാടിയത്തും ആശീര്‍വദിക്കും.
23ന്, 2.30നു മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത അമലോത്ഭവമാതാപള്ളി കൂദാശ ചെയ്തു കുര്‍ബാന അര്‍പ്പിക്കും. 25ന് ആറിനു അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് കൊച്ചേരി നിത്യാരാധനാ ചാപ്പലും കുമ്പസാരക്കൂടുകളും ആശീര്‍വദിക്കും. 24ന് 2.30ന് ഭൂഗര്‍ഭ കപ്പേള കൂദാശ സ്ഥാപിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് കുര്‍ബാന അര്‍പ്പിക്കും.
അതിരൂപത വികാരി ജനറാളും പാറേല്‍ മര്‍ത്ത് മറിയം അമലോത്ഭവ ബസിലിക്ക റെക്ടറുമായ ഫാ. മാത്യു ചങ്ങങ്കരി, ചങ്ങനാശേരി അതിരൂപത പി.ആര്.ഒ. ജോജി ചിറയില്‍, ഫാ. ടെജി പുതുവീട്ടില്‍ക്കളം, പാറേല്‍ പള്ളി വികാരി ഫാ. ജേക്കബ് വരിക്കാട്ട്, റവ. ഡോ. തോമസ് കറുകക്കളം, ഫാ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ഇനി മര്‍ത്ത് മറിയം
ഇമ്മാക്കുലേറ്റ്
കണ്സെപ്ഷന്
ഷ്രൈന് ബസിലിക്ക
കോട്ടയം: പാറേല്‍ മര്‍ത്ത് മറിയം അമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രം ഇനി ബസിലിക്ക. മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഷ്രൈന് ബസിലിക്ക എന്ന പേരിലാകും ദേവാലയ സമുച്ചയം അറിയപ്പെടുക. പമാര്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ നാമത്തില്‍ ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണു ബസിലിക്ക പദവി അനുവദിച്ചത്. 21ന് മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത ബസിലിക്കാ പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കും.
ചരിത്രപരവും ആത്മീയവും വാസ്തുശില്പപരവുമായ പ്രാധാന്യവും തീര്‍ഥാടനകേന്ദ്രമെന്ന നിലയിലുള്ള പ്രസക്തിയും പരിഗണിച്ച്, രൂപതാധ്യക്ഷന്റെ് അപേക്ഷയിന്മേലാണ് ബസിലിക്ക പദവി നല്‍കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 37 മൈനര്‍ ബസിലിക്കകളുണ്ട്; ഇവയില്‍ 13 എണ്ണം കേരളത്തിലാണ്. ചങ്ങനാശേരി അതിരൂപതയില്‍ 2016 ല്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ട സെന്റ് മേരീസ് ബസിലിക്ക ചമ്പക്കുളം കല്ലൂര്‍ക്കാട് പള്ളിയാണ് അതിരൂപതയിലെ ആദ്യ ബസിലിക്ക.
പുതിയ സമുച്ചയത്തിന്റെ കൂദാശയുടെ ഭാഗമായി, പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മാണം ആരംഭിച്ചതു മുതല്‍ ഇതുവരെ സമാന്തരമായി ഉപവിപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. നിര്‍മാണ ഫണ്ടില്‍ നിന്നു 20 വീടുകള്‍ക്ക് ഭവനനിര്‍മാണത്തിനും 2 വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തിക സഹായം നല്കി. പാറേല്‍ ഇടവകയില്‍ നിന്നും 40 വീടുകള്‍ പൂര്‍ണമായി പണിതു നല്കി, ആകെ, 94 വീടുകള്‍ പള്ളി പണിയോട് അനുബന്ധിച്ച് നിര്‍മിച്ചു നല്‍കുന്നത്. 25 വീടുകള്‍ക്ക് 3 ലക്ഷം രൂപവീതം നല്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ആഘോഷം വിപുലം,
കലാപരിപാടികളും
ചങ്ങനാശേരി: പള്ളി കൂദാശയുടെ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ കലാപരിപാടികളും. സംഗീതജ്ഞരായ അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി എന്നിവരും ടീം ഉം അവതരിപ്പിക്കുന്ന ക്രിസ്ത്യന്‍ ബാന്‍ഡ് 22ന് വൈകിട്ട് 6.30 ന് എസ്. ബി. കോളേജ് ഗ്രൗില്‍ നടത്തും. അതിരൂപതാ യുവദീപ്തി എസ്.എം.വൈ.എം.ന്റെ നേതൃത്വത്തിലുള്ള യുവജന സംഗമവും മരിയന്‍ റാലിയും അന്നുണ്ടാകും.
25ന് വൈകിട്ട് 6.30 ന് എസ്. ബി. കോളജ് ഗ്രൗണ്ടില്‍ ഫാ. ഷാജി തുമ്പേച്ചിറയിലും ടീമും അവതരിപ്പിക്കുന്ന അമ്മയോടൊപ്പം എന്ന സേ്റ്റജ്ഷോയുണ്ടാകും. 24ന് മാര്‍ തോമസ് തറയില്‍ അധ്യക്ഷനാകുന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി വി ഡി. സതീശന് ഉദ്ഘാടനം ചെയ്യും. വിവിധ സമുദായ രാഷ്ര്ടീയ നേതാക്കള്‍ പങ്കെടുക്കും.
ആരാധനയ്ക്കും
തീര്‍ഥാടനത്തിനും
കോട്ടയം: പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പന, തീര്‍ത്ഥാടനത്തിനും ആരാധനയ്ക്കുമായി. പള്ളിയുടെ വിസ്തീര്‍ണം 51000 ചതുരശ്ര അടിയാണ്.രണ്ടാം നിലയിലാണ് പ്രധാന ദേവാലയം. ഒന്നാം നിലയില്‍ അമലോത്ഭവമാതാ പള്ളി, സെല്ലാറില്‍ ഭൂഗര്‍ഭ കപ്പേള എന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യവും തിരുകര്മാനുഷ്ഠാനവിധികളും കേരളീയ ശില്പശൈലിയുമനുസരിച്ചാണ് പ്രധാന പള്ളി ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസികള്‍ ഇരിക്കുന്ന മധ്യഭാഗത്തു നിന്ന് ഉയര്‍ത്തി, തിരീലയാല് വേര്‍തിരിച്ച മദ്ബഹായിലാണ് തേക്കില്‍ നിര്‍മിച്ച ഈ ദൈവാലയത്തിന്റെ അള്‍ത്താര.
12 ശ്ലീഹന്മാരുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും മിശിഹായുടെയും ഐക്കണുകള്‍ മദ്ബഹായിലുണ്ട്. മൂന്ന് ദൈവാലയങ്ങളിലും അള്‍ത്താരയുടെ ഇടതുവശത്ത് ലോഹത്തില്‍ തീര്‍ത്ത് തേക്കിന് തടിയിലെ കൊത്തുപണികളാല്‍ അലങ്കരിച്ച സക്രാരികളുമുണ്ട്.കൗണ്‍സലിങ് കേന്ദ്രങ്ങള്‍, മരിയന്‍ ടവര്‍, ജപമാലപ്പാത, മണിമാളിക, പാറേല്‍ അത്ഭുത കിണര്‍, പഴയ അള്‍ത്താരയുടെ സ്ഥാപനശില എന്നിവ ദേവാലയത്തിലുണ്ടാകും.






