കോട്ടയം: സ്വകാര്യ ബസായാലും കെ.എസ്.ആർ.ടി.സി ബസായാലും ഗതാഗത നിയമലംഘനം നടത്തിയാല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന അപകടങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് കർശന ഇടപെടല്‍ വേണമെന്ന ആവശ്യം ഉയരുന്നത്.
അടുത്തിടെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനകളില്‍ പല സ്വകാര്യ ബസുകളിലും ചില കെ.എസ്.ആർ.ടി.സി ബസുകളിലും വേഗത നിയന്ത്രിക്കു ന്നതിനുള്ള സ്പീഡ് ഗവർണറുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
വേഗപ്പൂട്ട് വിച്ഛേദിച്ചും കൃത്രിമം കാണിച്ചുമാണ് പല ബസുകളും നിരത്തിലോടുന്നത്.
യാത്രക്കാരുടെയും കാല്‍നടയാത്ര ക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും പരിശോധനകള്‍ കൂടുതല്‍ കർശനമാക്കണമെന്നും ഗതാഗത വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
കോട്ടയം-കോഴഞ്ചേരി റോഡിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.
സ്പീഡ് ഗവർണർ വിച്ഛേദിച്ച് സർവീസ് നടത്തിയ ഒരു സ്വകാര്യ ബസിനും കെ.എസ്.ആർ.ടി.സി ബസിനുമെതിരെ മല്ലപ്പള്ളിയില്‍ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
റോഡില്‍ വീണ്ടും മത്സരയോട്ടം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല്‍, കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതർ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നില്ല.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം മത്സരയോട്ടങ്ങള്‍ ഒഴിവാക്കുന്നതിനുമായി പരസ്യമായ മുന്നറിയിപ്പുകളോടൊപ്പം കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം.





