കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലുമുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 579 ആയി.
ടിബറ്റില്‍ 5 പേർ മരിച്ചു. അതിർത്തി മേഖലയില്‍ വീണ്ടും കൂറ്റൻ ഹിമതടാകം രൂപപ്പെട്ടതായും ഏതു നിമിഷവും ഇത് പൊട്ടി അടുത്ത ദുരന്തത്തിന് സാധ്യതയുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് ചൈന മുന്നറിയിപ്പ് നല്കി.
ഇതോടെ കാണാതായ നൂറുകണക്കിന് ആളുകള്‍ക്കായുള്ള ജീവൻരക്ഷാ ദൗത്യം നേപ്പാളിലും ചൈനയിലും താല്‍ക്കാലികമായി നിർത്തിവച്ചു. അപകടമേഖലകളില്‍നിന്ന് ജീവനക്കാരെയും കൂറ്റൻ യന്ത്ര സാമഗ്രികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.ദുരന്തത്തില്‍ 1,473 പേർക്ക് പരുക്കേറ്റു. അതിർത്തിയില്‍ പുതുതായി രൂപപ്പെട്ട തടാകത്തില്‍ 25 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളവും കല്ലും ചെളിയും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അടുത്ത 73 മണിക്കൂറിനുള്ളില്‍ ഇത് തകരാൻ സാധ്യതയുണ്ടെന്ന ചൈനയുടെ അറിയിപ്പിനു പിന്നാലെ നേപ്പാള്‍ സൈന്യവും തിരച്ചില്‍ നിർത്തിവയ്ക്കുകയായിരുന്നു.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ റസുവ ജില്ലയിലാണ് മലവെള്ളപ്പാച്ചില്‍ വൻ നാശം വിതച്ചത്. ഗ്രാമങ്ങളെ പ്രളയത്തിലാക്കിയ ദുരന്തത്തില്‍ റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും പൂർണമായി തകർന്നു. 149 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെ 2,482 പേരെ കാണാതായതായി നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രക്ഷപ്പെടുത്തിയ 1,550 പേരില്‍ 121 പേർ വിദേശികളാണ്. ഇതില്‍ 85 ഇന്ത്യക്കാരും 16 ചൈനക്കാരും ഉള്‍പ്പെടുന്നു. 183 ഇന്ത്യക്കാരും 65 യു.എസ് പൗരന്മാരും 62 ഉക്രെയ്ൻ പൗരന്മാരും 33 ബ്രിട്ടിഷുകാരും ഉള്‍പ്പെടെ 36 രാജ്യങ്ങളില്‍നിന്നുള്ള 517 വിദേശികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ചൈനയിലെ ടിബറ്റൻ മേഖലയില്‍ 5 മരണമാണ് സ്ഥിരീകരിച്ചത്. ഇവിടെ 558 പേരെ കാണാതായിട്ടുണ്ട്.
മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തില്‍ മണ്ണും ചെളിയും അടിഞ്ഞു കൂടിയതും പാലങ്ങളും റോഡുകളും തകർന്നതും രക്ഷാപ്രവർത്തനത്തെ വൻതോതില്‍ ബാധിച്ചു. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തല്‍ അതീവ ദുഷ്കരമാണെന്ന് നേപ്പാള്‍ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രസിഡന്റ് ബിഷാല്‍ നാഥ് ഉപറേതി പറഞ്ഞു. 800 പേരെ ഹെലികോപ്റ്റർ മാർഗവും 700 പേരെ കരമാർഗവുമാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. കൂടുതല്‍ സൈന്യത്തെ ഇരുരാജ്യങ്ങളും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ നേതൃത്വത്തില്‍ അടിയന്തര കാബിനറ്റ് യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
പുനരധിവാസത്തിനായി നേപ്പാളിലെ മന്ത്രിമാർ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
60 മലയാളികള്‍ സുരക്ഷിതർ
നേപ്പാള്‍ പ്രളയത്തില്‍ കുടുങ്ങിയതായി സംശയിച്ച 82 പേരില്‍ 60 മലയാളികള്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് നോർക്ക റൂട്ട്സ്. എട്ടു മലയാളികളെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഇവരില്‍ നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും നാലുപേർ കേരളത്തില്‍ സ്ഥിരതാമസക്കാരുമാണ്.ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. പട്ടികയിലെ 14 പേർ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകള്‍ക്കും കൈമാറി.കൈലാസ് മാനസരോവർ തീർഥാടനത്തിനു പോയ 19 മലയാളികളടങ്ങുന്ന 23 അംഗ സംഘം ടിബറ്റിലെ ദാർച്ചനില്നിന്നു സാഗയിലേക്ക് യാത്ര തുടരുകയാണ്.ഇവർ കൊദാരിനയാലം അതിർത്തി വഴി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി 31-നു വിമാനമാർഗം നാട്ടിലേക്കു മടങ്ങും. സംഘത്തിന്റെ യാത്രാവിവരങ്ങള്‍ നോർക്കയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നിരീക്ഷിക്കുന്നുണ്ട്.പ്രളയമേഖലയിലുണ്ടായിരുന്ന ചിലർ അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ എത്തിയതായി ബന്ധുക്കളെ അറിയിച്ചു. മൗണ്ട് എവറസ്റ്റ് ബേസ് ക്യാംപ് മേഖലയിലുള്ള മലയാളികളും സുരക്ഷിതരാണ്. ലങ്ടാങിലെ തുലോ സ്യാബ്രു, കർണാലി പ്രവിശ്യയിലെ ജെജെർകോട്ട് എന്നിവിടങ്ങളില്‍ വഴിയടഞ്ഞു കുടുങ്ങിയ ഓരോ വ്യക്തികളില്‍നിന്നും സന്ദേശം ലഭിച്ചിട്ടുണ്ട്.നേപ്പാളില്‍നിന്നു സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് യാത്രാസൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഡല്‍ഹിയിലെ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫിസുമായോ ഹെല്പ് ഡെസ്കുകളുമായോ ബന്ധപ്പെടാം. വിവിധ കേന്ദ്രങ്ങളില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും ലഭിച്ച സന്ദേശങ്ങള്‍ ഏകോപിപ്പിച്ചാണ് 82 പേരുടെ പട്ടിക തയാറാക്കിയത്.






