ന്യൂഡൽഹി: ഇന്ത്യയുടെ ജാവലിൻ ത്രോ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ നീരജ് ചോപ്ര ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറി.
പരിശീലനത്തിനിടയിൽ കാലിനേറ്റ പരുക്ക് ആണ് താരത്തിന് വിനയായത്. താരം 2026 സീസണിൽ ഒരു മത്സരത്തിലും പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്.
ഏഷ്യൻ ഗെയിംസിൽ നിന്നും മാത്രമല്ല ഈ സീസണിലെ ഡയമണ്ട് ലീഗ് അടക്കമുള്ള ബാക്കി ടൂർണമെന്റുകളിലും താരം ഇനി പങ്കെടുക്കില്ല.
ഏറെനാളത്തെ കഠിനാധ്വാനത്തിന് ശേഷം, ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഞാൻ ആഗ്രഹിച്ച രീതിയിലുള്ള ദൂരം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതിന് തൊട്ടുപിന്നാലെ പരിശീലനത്തിനിടയിൽ എന്റെ കണങ്കാലിന് പരിക്കേറ്റു."- ചോപ്ര സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
‘ഡോക്ടറുമായും ടീം അംഗങ്ങളുമായും ചർച്ച നടത്തുകയും പിന്നാലെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇത് നിരാശാജനകമാണ്, പ്രത്യേകിച്ചും എന്റെ ഫോം കണ്ടെത്താൻ എനിക്ക് കഴിഞ്ഞുവെന്ന് തോന്നുമ്പോൾ. എന്നാൽ തിരിച്ചടികൾ യാത്രയുടെ ഭാഗമാണ്.
ഇപ്പോൾ എന്റെ ശ്രദ്ധ സുഖം പ്രാപിക്കുന്നതിലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്നതിലുമാണ്.’- അദ്ദേഹം കൂട്ടിച്ചേർത്തു.






