കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടവാതൂർ സ്വദേശി ആദിത്യൻ (21) ആണ് പിടിയിൽ ആയത്.സോഷ്യല്‍ മീഡിയ വഴി ഐപിഎസ് ട്രെയിനി ചമഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്.
ഇത്തരത്തില്‍ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയിക്കുന്നതായി നടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി.തുടർന്ന്, കോട്ടയം ഡിവൈഎസ്.പി കെ.ജി അനീഷിൻ്റെ നേതൃത്വത്തില്‍ കോട്ടയം വെസ്റ്റ് സർക്കിള്‍ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോട്ടയം വെസ്റ്റ് സർക്കിള്‍ ഇൻസ്പെക്ടർ അനൂപ് ജോസ്, എസ് ഐ വിഎസ് ഗിരീഷ് കുമാർ , സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ടി കെ രൂപേഷ് , അരുണ്‍കുമാർ, സിവില്‍ പോലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ഐപിഎസ് ട്രെയിനി എന്ന പേരില്‍ ഇയാള്‍ എത്തിയിരുന്നു.
ആറു മാസം മുൻപ് കൈതേപ്പാലം ബാറില്‍ എയർഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ഇയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
തട്ടിപ്പ് കേസുകളില്‍ ഇടനില നിന്ന് ഐപിഎസ് കാരൻ എന്ന പേരില്‍ വാഹനം തട്ടിയിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സംഭവത്തിലും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.






