ഡൽഹി: ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമര്‍ശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി.
പിണറായി പറഞ്ഞത് ഒരു മണ്ഡലത്തിലെ സാഹചര്യം മാത്രമെന്ന് ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തിന് തൊട്ടുമുമ്പ് എം എ ബേബി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മേല്‍ മാത്രം ചാരാന്‍ ആകില്ലെന്ന് പി ബി അംഗം എ വിജയരാഘവനും പ്രതികരിച്ചു.
പിണറായി വിജയന്റെ പ്രസ്താവന തള്ളാത്തപ്പോഴും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ തെറ്റ് തിരുത്തല്‍ രേഖകളിലെ ഊന്നല്‍ അതിനല്ല എന്ന സന്ദേശമാണ് എം എ ബേബി നല്‍കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം ഉന്നത നേതൃത്വത്തിനും നോട്ടക്കുറവുണ്ടായി എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയത്. വിശാല സംസ്ഥാന സമിതി യോഗത്തില്‍ സ്വയം വിമര്‍ശനത്തിന് പ്രാധാന്യം നല്‍കണമെന്ന പരോക്ഷ നിര്‍ദ്ദേശവും ജനറല്‍ സെക്രട്ടറി നല്കുന്നു. പിണറായിയുടെ പ്രസ്താവനയെ പിബി അംഗം എ വിജയരാഘവന് ന്യായീകരിച്ചു. തോല്‍വിക്ക് സംഘടനവീഴ്ചയും ഭരണവീഴ്ചയും കാരണമാണ്. എന്നാല്‍ ഒരു വ്യക്തിയിലേക്ക് ഇത് ഒതുക്കുന്നത് മാധ്യമ വ്യാഖ്യാനമെന്നും വിജയരാഘവന് പറഞ്ഞു.






