കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരേ ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം.
പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും വിമര്‍ശിച്ചു.
ഹൈക്കോടതിയില്‍ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ലഭിച്ചത് ഇന്നലെയാണെന്ന് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം.
സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് എസ്എന്‍ഡിപി ശാഖകള്‍ വഴി ഉയര്‍ന്ന പലിശയ്ക്ക് മൈക്രോഫിനാന്‍സ് വായ്പയായി നല്‍കിയെന്നാണ് കേസിലെ ആരോപണം. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിച്ച സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്നും അഴിമതി നടത്തിയെന്നുമാണ് ഇതിലെ പ്രധാന ആരോപണം.
2003നും 2014-നും ഇടയില്‍ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വഴി എസ്എന്‍ഡിപി യോഗത്തിന് അനുവദിച്ച ലോണുകളിലാണ് അഴിമതി നടന്നതായി പറയുന്നത്. കുറഞ്ഞ പലിശയ്ക്ക് പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടിയിരുന്ന തുക ഉയര്‍ന്ന പലിശയ്ക്ക് നല്കി വഞ്ചിച്ചു എന്നാണ് കേസ്.






