കോട്ടയം: പണത്തിന് മേലെ പരുന്തും പറക്കില്ലെന്നും പണവും സ്വാധീനവും ഉപയോഗിച്ച് എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നുമുള്ള മുതലാളിയുടെ അഹങ്കാരം നിയമത്തിന് മുന്നിൽ മുട്ട് മടക്കി .
ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് മാലിന്യം ഓടയിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കിവിടുകയാണെന്നും ലോഡ്ജ് അടച്ച് പൂട്ടണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അടിയന്തിര വിഷയമായി കണ്ട് ഹർജി പരിഗണിച്ച ഹൈക്കോടതി കോട്ടയം ശാസ്ത്രി റോഡിലെ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ നിന്നും ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കുന്നത് അന്വേഷിച്ച് നാലാഴ്ചക്കകം നടപടി സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു.
പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് എന്തും വിലയ്ക്ക് വാങ്ങാമെന്ന മുതലാളിയുടെ അഹങ്കാരത്തിനാണ് ഇതോടെ തിരിച്ചടിയായത്. കൈയ്യൂരി അപ്പച്ചൻ നേതൃത്വം നൽകുന്ന കണ്ടത്തിൽ ഗ്രൂപ്പിൻ്റെ മറ്റ് കെട്ടിടങ്ങളിലെ അനധികൃത ഇടപാടുകൾക്കെതിരേയും ഉടൻ നിയമനടപടി സ്വീകരിക്കുമെന്ന് തേർഡ് ഐ ന്യൂസ് അധികൃതർ പറഞ്ഞു.
അൻപതിലധികം മുറികളുള്ള കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിലെ കക്കൂസ് മാലിന്യം നാളുകളായി ഓടയിലേക്ക് ഒഴുക്കിവിടുകയായിരുന്നു. ഈ ഓട എത്തിച്ചേരുന്നതാകട്ടെ മീനച്ചിലാറ്റിലേക്കും . താഴത്തങ്ങാടി, കുമ്മനം, ഇല്ലിക്കൽ, തിരുവാർപ്പ്, കുമരകം, അയ്മനം പ്രദേശങ്ങളിലെ ആയിരങ്ങളാണ് കുടിവെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നത്.
കോട്ടയത്തുകാർക്ക് കുടിക്കാൻ കക്കൂസ് ടാങ്കിലെ മാലിന്യം കലർന്ന വെള്ളം സമ്മാനിക്കുന്ന ലോഡ്ജ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് നഗരസഭക്ക് പരാതി നൽകിയിരുന്നു. എന്നാൽ നഗരസഭയിൽ നിന്നും നടപടി സ്വീകരിക്കാൻ വൈകിയതിനേ തുടർന്നാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത് .
സംസ്ഥാന സർക്കാർ , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, എൻവയോൺമെൻ്റൽ എൻജിനീയർ, നഗരസഭാ സെക്രട്ടറി, ലോഡ്ജ് ഉടമ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തത്.
ലോഡ്ജിലെ അൻപതിലധികം വരുന്ന മുറികളിലെ കക്കൂസ് മാലിന്യം നേരേ ടാങ്കിലേക്കും അവിടുന്ന് പൈപ്പ് വഴി ഓടയിലേക്കും തള്ളിവിടുകയാണ് ഇവർ ചെയ്തിരുന്നത്. അതായത് ഇവരുടെ കക്കൂസ് ടാങ്ക് ഒരിക്കലും നിറയില്ല. ഓടയിൽ നിന്ന് മാലിന്യം ഒഴുകിയെത്തുന്നത് നാഗമ്പടം ബസ് സ്റ്റാന്റിന് പിൻവശം വഴി മീനച്ചിലാറ്റിലേക്കാണ്. ഇതേ മീനച്ചിലാറ്റിലെ വെള്ളമാണ് പടിഞ്ഞാറൻ മേഖലയിലുള്ള ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.






