തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അണികള്‍ക്ക് തെറ്റ് പറ്റിയതാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരസ്യ പ്രസ്താവന തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ജനങ്ങള്‍ തിരുത്തേണ്ടതില്ലെന്നും പാർട്ടി സ്വയം തെറ്റുകള്‍ തിരുത്തുമെന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ അവലോകന റിപ്പോർട്ടിലുള്ളത്. പിണറായി വിജയന്റെ വ്യാഖ്യാനങ്ങള്‍ പാർട്ടി റിപ്പോർട്ടിന് വിരുദ്ധമാണെന്ന് വ്യക്തമായതോടെ സിപിഐഎമ്മിനുള്ളിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയൻ അണികളെ രൂക്ഷമായി വിമർശിച്ചത്. 'നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം, ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താൻ തയ്യാറാകണം' എന്നായിരുന്നു പിണറായിയുടെ വാദം. എന്നാല്‍ പാർട്ടി കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തള്ളിയ ഈ നിലപാടിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും കടുത്ത അതൃപ്തി പുകയുന്നുണ്ട്. തോല്‍വിയില്‍ പാർട്ടി നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ കേന്ദ്ര കമ്മിറ്റി തുറന്നുകാട്ടിയിട്ടും അണികളുടെ മേല്‍ കുറ്റം ചാരാൻ ശ്രമിക്കുന്നത് സ്ഥിതി വഷളാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.
അതേസമയം, തിരുവനന്തപുരത്ത് തുടരുന്ന സിപിഐഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതിനെതിരെ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വാദപ്രതിവാദങ്ങളും വിമർശനങ്ങളും പാർട്ടിക്ക് പുറത്തുപോയാല്‍ പ്രതിനിധികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കുമെന്നും യോഗ തീരുമാനങ്ങള്‍ ചോർത്തരുതെന്നും നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.






