'തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട്.
പാർട്ടിയിലെ ഒരുവിഭാഗം അണികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞത്. പാർട്ടിയിലെ ചെറിയവിഭാഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവർ വിജയിച്ചത്. അത് ചെയ്യാൻ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. അതാണ് പിണറായി വിജയൻ സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയൻ കണ്ണൂരില്‍ പറഞ്ഞതിലായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
അതേസമയം, പാർട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ തുടങ്ങിയവർ പാർട്ടി വിട്ടുപോയത് ഗൗരവത്തോടെ പരിശോധിക്കണമെന്നുമുള്ള പി. ജയരാജന്റെ പ്രസ്താവനയെ സജി ചെറിയാൻ തള്ളി. പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. അധികാരം മോഹിച്ചാണ് അവരെല്ലാം പോയത്. അവരെ പാർട്ടി പുറത്താക്കിയതല്ല. ആർക്കും ഒരു രാഷ്ട്രീയപാർട്ടിയില്‍നിന്ന് പോകാനുള്ള അവകാശമുണ്ട്. അവർ പോയി. അവർ മറ്റുസ്ഥലങ്ങളില്‍ ചേക്കേറി. സിപിഎം വിട്ടുപോയശേഷം അവർക്ക് സിപിഎമ്മിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐയുമായി ഒരു തർക്കവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം പരിഹരിക്കും. വിഷയത്തില്‍ ഇടതുമുന്നണി ആലോചിച്ച് വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






