അയ്മനം : എസ്എൻഡിപി 1919-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാം തിരുജയന്തി വിവിധ പരിപാടികളോടെ ആഗസ്റ്റ് 28ന് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് (ആഗസ്റ്റ് 26ന്) വൈകിട്ട് 7ന് അയ്മനം ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവ ആറാട്ടിന് സ്വീകരണം നൽകും. ആഗസ്റ്റ് 27ന് രാവിലെ 9.30 മുതൽ അഞ്ച് മുതൽ ഒൻപത് വയസ്സ് വരെയുള്ള കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളും ഓർമ്മപരിശോധനയും ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്തും.
2025–26 അധ്യയന വർഷത്തിൽ പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകളും നൽകും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.
ആഗസ്റ്റ് 28ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് ടി.ഡി. പ്രസന്നൻ പതാക ഉയർത്തുന്നതോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമാകും. രാവിലെ 8.30ന് ഭദ്രദീപ പ്രകാശനത്തോടെ ചതയദിന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് ജയന്തി ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് പൂന്ത്രകാവ്, അയ്മനം കവല വഴി ശാഖയിൽ എത്തിച്ചേരും.
തുടർന്ന് സമൂഹപ്രാർത്ഥന, ജയന്തി സമ്മേളനം, ആദരിക്കൽ, അനുമോദനം, വിദ്യാഭ്യാസ അവാർഡ് വിതരണം, സമൂഹസദ്യ എന്നിവയും നടക്കും. കൈകൊട്ടിക്കളി, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
ശാഖാ പ്രസിഡന്റ് ടി.ഡി. പ്രസന്നൻ, സെക്രട്ടറി ആർ. പ്രിയേഷ് പാണങ്ങാട്ടിൽ, വൈസ് പ്രസിഡന്റ് ടി.ഡി. പ്രസാദ് താഴത്തുതൈപ്പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.






