തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇഡി റിപ്പോർട്ടുകള്‍ പൂർണ്ണമായും അസംബന്ധവും പച്ചക്കള്ളവുമാണെന്ന് മുൻ മന്ത്രി പി.എ.
മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം മെനഞ്ഞെടുത്ത കള്ളക്കഥകളാണ് അന്വേഷണ ഏജൻസികള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചോദ്യം ചെയ്യലില്‍ വീണ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ചില കാര്യങ്ങള്‍ സമ്മതിച്ചതായി ഇഡി ചോർത്തി നല്കിയ വാർത്തയിലുണ്ടെന്നും എന്നാല്‍ അത് തികച്ചും വ്യാജമാണെന്നും റിയാസ് വ്യക്തമാക്കി. ഇഡി അന്വേഷണം എന്ന പേരില്‍ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തും, റിയാസ് പറഞ്ഞു.
അതേസമയം, സിഎംആർഎല്‍ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എഡ്വക്കേറ്റ് ജനറലിന്റെയും (AG) ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടിയിരിക്കുകയാണ്. പൊലീസിന് നല്കിയ കത്തില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ഉള്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് ഇഡി ഉന്നയിക്കുന്ന വാദം.






