തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന് (പി.എസ്.സി) അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനും അവര്‍ക്ക് നല്കുന്ന ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണ്ണായക നീക്കത്തിലേക്ക്.
വന്‍ തുക ചെലവഴിക്കുന്ന കമ്മീഷന് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വലിയ ‘വെള്ളാന’യാണെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ഭരണപരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുന്നത്.
നിലവില്‍ ഇരുപത്തൊന്നോളം അംഗങ്ങളുള്ള പി.എസ്.സിയില്‍ അംഗങ്ങളുടെ എണ്ണം പത്തില്‍ താഴെയാക്കി കുറയ്ക്കാനാണ് ഭരണതലത്തില്‍ പ്രാഥമിക ധാരണയായിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്ര തലത്തിലും വളരെ കുറച്ച് അംഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുമ്പോള്‍, കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പുനരധിവാസങ്ങള്ക്കുമായി കമ്മീഷന് അംഗത്വങ്ങള്‍ വച്ചുനീട്ടുന്ന രീതി അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി.
കമ്മീഷന് അംഗങ്ങള്‍ക്ക് നിലവില്‍ നല്കി വരുന്ന ഉയര്‍ന്ന ശമ്പള ഘടനയും അനാവശ്യ ആനുകൂല്യങ്ങളും കര്‍ശനമായി പരിശോധിക്കും. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും നല്‍കുന്നത് ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കുന്നുവെന്നും, ഇത് തസ്തികയ്ക്ക് അനുയോജ്യമായ രീതിയില്‍ പുനഃക്രമീകരിക്കണമെന്നുമാണ് വിലയിരുത്തല്‍.
ചോദ്യപേപ്പര്‍ തയ്യാറാക്കലും പരീക്ഷാ നടത്തിപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത സാഹചര്യത്തില്‍ ഇത്രയധികം അംഗങ്ങളുടെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ സുതാര്യമായും വേഗത്തിലും പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നിരിക്കെ, രാഷ്ട്രീയ നിയമനങ്ങള്‍ക്കായി കോടികള്‍ ചെലവിടുന്നത് ന്യായീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.
വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിഷയം വിപുലമായി ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നീക്കം. മുന്നണി നേതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയ ശേഷം വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് കൊണ്ടുപോകാനാണ് പദ്ധതിയിടുന്നത്. ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ച് ജോലിക്കായി കാത്തിരിക്കുമ്പോള്‍, കമ്മീഷന് അംഗങ്ങള്‍ക്കായി കോടികള്‍ ചെലവിടുന്നത് പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ വിഷയം ഏറ്റെടുക്കുന്നതിലൂടെ പൊതുസമൂഹത്തില്‍ നിന്ന് വലിയ രാഷ്ട്രീയ മൈലേജ് നേടാമെന്നാണ് വി.ഡി. സതീശന്റെയും യു.ഡി.എഫിന്റെയും കണക്കുകൂട്ടല്‍.
അനാവശ്യമായ ചെലവുകള്‍ ചുരുക്കി സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം, പി.എസ്.സിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. രാഷ്ട്രീയ സ്വാധീനത്തിലുള്ള നിയമനങ്ങള്‍ ഒഴിവാക്കി യോഗ്യതയും പ്രഗത്ഭ്യവുമുള്ള ചെറിയ നിരയെ കമ്മീഷനില്‍ നിലനിര്‍ത്താനാണ് നീക്കം. കഴിഞ്ഞ ഭരണകാലത്ത് പി.എസ്.സി അംഗങ്ങളുടെ എണ്ണവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച നടപടി ഏറെ വിവാദമായിരുന്നു. പാര്‍ട്ടിക്കാരുടെയും സഹയാത്രികരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തസ്തികകള്‍ കൂട്ടിയെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ്, അതിന് വിപരീതമായി കടുത്ത സാമ്പത്തിക അച്ചടക്ക തീരുമാനങ്ങളിലേക്ക് സതീശന് കടക്കുന്നത്.
യുവാക്കള്‍ക്കിടയിലും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലും സര്‍ക്കാരിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ഈ പരിഷ്കാരം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നു. അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കുക എന്ന നയം നടപ്പിലാക്കുന്നതിലൂടെ ജനപക്ഷ ഭരണമികവിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. കമ്മീഷന് പുനഃസംഘടനയ്ക്കായി നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ ആവശ്യമായി വരും. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുടെ ഉപദേശം തേടാനും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാനുമാണ് സര്‍ക്കാരിന്റെ നീക്കം.






