ഡല്‍ഹി: പാചകവാതകത്തിന്റെ റീഫില്‍ ബുക്കിംഗിനുള്ള ഇടവേളയില്‍ കേന്ദ്രസർക്കാർ മാറ്റം വരുത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
'മിഡില്‍ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലുണ്ടായ സമ്മർദ്ദം കണക്കിലെടുത്ത് നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്കിംഗിനുള്ള ഇടവേള. എന്നാല്‍ നിലവിലെ എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാം'- കുറിപ്പില്‍ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എല്‍പിജി ക്ഷാമം രൂക്ഷമായിരുന്നു. സിലിണ്ടർ ലഭിക്കുന്നതിന് മാസങ്ങളുടെ കാത്തിരിപ്പ് വരെ അനുഭവിക്കേണ്ടിവന്നിരുന്നു. വിതരണത്തിന് തടസം നേരിട്ടതോടെ ഹോട്ടലുകള്‍ അടക്കമുള്ളവർ വിറകടുപ്പുകളിലേക്ക് തിരിച്ചുപോയി. ഇതിനിടെ ഇന്ത്യയില്‍ എല്‍പിജി ഉപഭോഗം കുത്തനെ കുറഞ്ഞെന്ന റിപ്പോർട്ടും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ എല്‍പിജി ഉപഭോഗം 16 ശതമാനം കുറഞ്ഞെന്നാണ് പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ല് വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ 13.4 ദശലക്ഷം ടണ്ണായിരുന്ന ഇന്ത്യയുടെ എല്‍പിജി ഉപഭോഗം ഈ വർഷം ഇതേ കാലയളവില്‍ 11.3 ദശലക്ഷം ടണ്ണായി ചുരുങ്ങി. എല്‍പിജി വിതരണത്തില്‍ തടസം നേരിട്ടതോടെ പൈപ്പ് വഴിയുള്ള പ്രകൃതി വാതക ഉപയോഗത്തിലേക്ക് മാറാനുള്ള നീക്കം ശക്തമായതോടെയാണ് ഈ കുറവ് വന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നത്






