വൈക്കം: മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൻ ഭരത് മമ്മൂട്ടിയുടെ 75ാം പിറന്നാളിന് ജന്മനാട്ടിൽ വലിയ ആഘോഷം ഒരുക്കി സുഹൃത്തുക്കും നാട്ടുകാര്യം. ജന്മനാടായ വൈക്കം ചെമ്പ് മുറിഞ്ഞപുഴയിലെ സുഹൃത്തുക്കളും ആരാധകരും മധുരം പങ്കിട്ടാണ് ആഘോഷിച്ചത്. ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം ചെമ്പിലരയൻ ബോട്ട് ക്ലബാണ് ജമദിന ആഘോഷങ്ങൾക്ക് വേദിയായത്.
ചെമ്പിലെ തികച്ചും സാധാരണ കുടുംബത്തിൽ നിന്ന് സ്വയപ്രയത്നത്താൽ ലോകമറിയുന്ന മഹാ നടനായി മമ്മൂട്ടി വളർന്നതിൽ ഒട്ടും വിസ്മയമില്ലെന്നും കോളജ് പഠനകാലത്ത് തന്നെ നാടകത്തോടും സിനിമയോടും അടങ്ങാത്തഅഭിനിവ ശം കാട്ടിയിരുന്ന തങ്ങളുടെ മമ്മൂഞ്ഞ് ഓസ്കാർ അവാർഡിനും അർഹനാണെന്ന് നാട്ടിലെ സുഹൃത്തുക്കളും ആരാധകരും അഭിപ്രായപ്പെട്ടു. മമ്മൂട്ടി നായകനായി അഭിനയിച്ച ജോഷിയുടെ കൗരവർ എന്ന ചിത്രത്തിലെ മുത്തുമണിതൂവൽ തരാമെന്നഗാനം ആലപിച്ചതോടെയാണ് പിറന്നാൾ ആലോഷ പരിപാടി ആരംഭിച്ചത്. തുടർന്ന് ചെമ്പിലരയൻ ബോട്ട് ക്ലബ് പ്രസിഡൻ്റ് എസ് ഡി.സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്ടനും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ എസ്.ഐ മധു ഭരത് മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്ത പിറന്നാൾ കേക്ക് മുറിച്ച് നൽകി ആഹ്ലാദം പങ്കിട്ടു. നാട്ടിലും പുറത്തും ആളുകൾ പരിചയപ്പെടുമ്പോൾവൈക്കം ചെമ്പിൽ മമ്മൂട്ടിയുടെ നാട്ടുകാരനാണോയെന്ന് ഏറെ സ്നേഹ വായ്പോടെ ആളുകൾ ചോദിക്കുമ്പോൾ വൈക്കംകാരനായതിൽ അഭിമാനം തോന്നിയിട്ടുണ്ടെന്നും തൻ്റെ മകളുടെ വിവാഹത്തിന് ഷൂട്ടിംഗിനിടയിൽ സമയം കണ്ടെത്തി വന്ന് തന്നെ ഞെട്ടിച്ച കാര്യവും എസ്ഐ മധു അനുസ്മരിച്ചു. യോഗത്തിൽ എംബിബിഎസിന് അഡ്മിഷൻ നേടിയ ശ്രീദേവിരാധാകൃഷ്ണൻ, എം.എ.അഞ്ജന, ലക്ഷ്മിഷിജിരാജ്, ബിഫാം പരീക്ഷയിൽ മികച്ച വിജയം നേടിയ റിയഷാറുഖ് ,എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളേയും നവാഗത ചലച്ചിത്ര സംവിധായകൻ ജിത്തു സതീശൻ ,മികച്ച ലൈബ്രറേറിയനുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ അവാർഡ് നേടിയ ടി. എം.രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു. സിബിസി സെക്രട്ടറി കെ.കെ.രമേശൻ , ട്രഷറർ കെ.എസ്. രത്നാകരൻ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ് ,സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക , മനോജ് ഡിസൈൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകന്യ സുകുമാരൻ,കുമ്മനം അഷറഫ്, കെ.ജെ. പോൾചുമ്മാരുപറമ്പിൽ, ഹാരീസ് മണ്ണഞ്ചേരി, ജലീൽ , ടി.എൻ. സിബി, പി എസ്. പുഷ്പമണി തുടങ്ങിയവർ പങ്കെടുത്തു






