തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ലോട്ടറി (BR 111) നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ റെക്കോഡ് വില്‍പ്പന തുടരുന്നു.
ഇതുവരെ 44,82,440 ടിക്കറ്റുകള്‍ വിറ്റു. സെപ്റ്റംബർ 26ന് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് വില്‍പ്പന തകൃതിയായി പുരോഗമിക്കുന്നത്.
2025ല്‍ ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വർഷം ബമ്പർ സമ്മാനത്തുക 30 കോടി രൂപയാക്കി ഉയർത്തി. എന്നാല്‍ ടിക്കറ്റ് തുകയായ 500 രൂപയില്‍ മാറ്റം വരുത്തിയില്ല. സമ്മാനത്തുക ഇത്തവണ ഉയർന്നതോടെ ടിക്കറ്റ് വില്‍പ്പനയില്‍ കുതിപ്പ് തുടരുകയായിരുന്നു. ടിക്കറ്റ് വില്‍പ്പനയിലൂടെ ഇതുവരെ സംസ്ഥാന സർക്കാരിന് 174,81,51,600 കോടി രൂപയാണ് ലഭിച്ചത്. ഓണം ബമ്പർ ലോട്ടറി സമ്മാനമായി ആകെ നല്‍കേണ്ടത് 125.54 കോടി രൂപയാണ്. ലോട്ടറി ഏജൻസി കമ്മീഷനായി 12.55 കോടി രൂപയും കൂട്ടിയാല്‍ 138.09 കോടി രൂപയാണ്.
തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കെ സെപ്റ്റംബർ പകുതിയോടെ വില്‍പ്പന ഉയരും. എല്ലാ തവണയും നറുക്കെടുപ്പ് അടുക്കുമ്പോള്‍ വില്‍പ്പന ഉയരുകയാണ് ചെയ്യുക. മുൻ വർഷങ്ങളില്‍ പാലക്കാട് ജില്ലയിലാണ് ഓണം ബമ്പർ വില്‍പ്പന കൂടുതലുണ്ടായത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓണം ബമ്പർ വില്‍പ്പന കൂടുതല്‍ ഉണ്ടാകുക.
സമ്മാനത്തുക 30 കോടി രൂപയായി വർധിപ്പിച്ചതും കൂടുതല്‍ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തില്‍ സമ്മാനക്രമം പരിഷ്കരിക്കുകയും ചെയ്തത് വില്‍പ്പന വർധിപ്പിച്ചു. 2022ലാണ് ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി ഉയർത്തിയത്. ഇതിനൊപ്പം ടിക്കറ്റ് നിരക്ക് 500 രൂപയാക്കുകയും ചെയ്തു. 2021ല്‍ 300 രൂപ ടിക്കറ്റ് വിലയും 12 കോടി രൂപ ഒന്നാം സമ്മാനവുമായിരുന്നു. സമ്മാനത്തുക വർധിച്ചതോടെയാണ് ടിക്കറ്റ് വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തിത്തുടങ്ങിയത്.
30 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം ലഭിക്കുന്ന 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 20 പേർക്ക് കാല്‍ക്കോടി രൂപ ലഭിക്കും. ആകെ 5,34,670 സമ്മാനങ്ങളാണ് ഇത്തവണയും നല്‍കുക.






