ഡല്‍ഹി: ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഓക്ല ഫേസ് ഒന്നിലെ ഗോഡൗണില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ഗാസിയാബാദില്‍നിന്ന് കൊണ്ടുവന്ന സിലിണ്ടറുകള്‍ ട്രക്കില്‍നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെതുടർന്ന് തൊഴിലാളികളില്‍ ഒരാളായ മോഹിത് സിംഗ് (35) സംഭവസ്ഥലത്തുതന്നെ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജയ്പൂർ സ്വദേശിയായ മോഹിത് സിംഗ് മൂന്ന് വർഷമായി സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഉമേഷ്, അരവിന്ദ്, മനോജ്, പങ്കജ് എന്നീ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്തെ കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകളുടെ വ്യാപാരവും പ്രാദേശിക വിതരണവും നടത്തുന്ന എസ്എം ട്രേഡേഴ്സിന്റെ ഗോഡൗണായാണ് ഉപയോഗിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഗോഡൗണില്‍ ഓക്സിജൻ നിറയ്ക്കുന്നതിനുള്ള പ്ലാന്റ് കണ്ടെത്തിയിട്ടില്ല. ഗാസിയാബാദില്‍നിന്ന് റാം അവതാർ എന്ന വിതരണക്കാരൻ മുഖേന നിറച്ച സിലിണ്ടറുകള്‍ ഇവിടെ എത്തിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടർന്ന് ഓക്ല മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച നിയമപരമായ രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.






