എറണാകുളം: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടം മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറോട് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നാണ് ഡോക്ടർമാരുടെ പരാതി. അതേസമയം, നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് എംഎൽഎയുടെ വിശദീകരണം.
കൂവപ്പടി സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വീട്ടിൽ സ്വാഭാവിക മരണം സംഭവിച്ച കേസുകളിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ പൊലീസിന്റെ എൻഒസി നിർബന്ധമാണെന്ന് ഡോക്ടർ എംഎൽഎയെ അറിയിച്ചെങ്കിലും, അത് പാലിക്കാതെ മൃതദേഹം ഫ്രീസറിൽ വയ്ക്കാൻ എംഎൽഎ നിർബന്ധിച്ചെന്നാണ് ഡോക്ടർമാർ ആരോപിക്കുന്നത്. വാർഡ് മെമ്പറുടെ കത്ത് മാത്രം മതിയെന്ന നിലപാടാണ് എംഎൽഎ സ്വീകരിച്ചതെന്നും അവർ പറയുന്നു.
സംഭവത്തിൽ മേലുദ്യോഗസ്ഥരും എംഎൽഎയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടതായി ജൂനിയർ ഡോക്ടർ ആരോപിച്ചു. ഇത് തനിക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.






