പുല്‍പ്പള്ളി: ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ആയുർവേദ മരുന്നിന്റെ മറവില്‍ വ്യാജ അരിഷ്ട വിപണനം സജീവമാകുന്നു.
പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകള്‍ പതിച്ചാണ് മദ്യത്തോടൊപ്പം കിടപിടിക്കുന്ന വീര്യമുള്ള പൂസാരിഷ്ടങ്ങള് വിപണിയിലെത്തിക്കുന്നത്. ഇത്തരം ലഹരിവസ്തുക്കളുടെ അമിത ഉപയോഗം മൂലം ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ ആരോഗ്യവും സാമൂഹിക അന്തരീക്ഷവും ഗുരുതരമായ ഭീഷണി നേരിടുകയാണ്.
മദ്യശാലകള്‍ തുറക്കുന്നതിന് മുമ്പുള്ള സമയങ്ങളിലും ഡ്രൈ ഡേകളിലുമാണ് ഇത്തരം അരിഷ്ട വിപണന കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത്. ദിവസവും ഒന്നോ ഒന്നിലധികമോ കുപ്പികള്‍ വീതം അരിഷ്ടം കഴിക്കുന്നത് വ്യക്തികളുടെ ശാരീരികാവസ്ഥയെ ദാരുണമായി ബാധിക്കുന്നുണ്ട്. അമിത ലഹരിയുള്ള അരിഷ്ട ഉപയോഗം സ്ഥിരമാകുന്നതോടെ ഉപയോഗിക്കുന്നവർ രോഗികളായി മാറുന്നു.പ്രായമെത്തുന്നതിന് മുമ്പ് തന്നെ ശരീരം ശോഷിക്കുക , അരിഷ്ടം കഴിക്കാത്തപ്പോള്‍ ശരീരം വിറക്കുക , നടക്കാൻ കഴിയാതാവുക തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് നിരവധിയാളുകള്‍ ഉന്നതികളില്‍ മരണപ്പെടാൻ ഈ വ്യാജ അരിഷ്ട ഉപയോഗം കാരണമാകുന്നുണ്ട്. വ്യാജ അരിഷ്ട വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ എക്സൈസ്, പൊലീസ്, ആരോഗ്യആയുഷ് വകുപ്പുകള്‍ സംയുക്തമായി അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു
വിലക്കുറവും എളുപ്പത്തിലുള്ള ലഭ്യതയും
ബെവ്കോ ഔട്ട്ലെറ്റുകളെ അപേക്ഷിച്ച് വിലക്കുറവാണെന്നതും ഏതു സമയത്തും ലഭ്യമാണെന്നതുമാണ് പാവപ്പെട്ട ആദിവാസി തൊഴിലാളികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ പുലർച്ചെയും ജോലി കഴിഞ്ഞും ഇത്തരം ഷോപ്പുകള്‍ തേടിയെത്തുന്നത് പതിവു കാഴ്ചയാണ്. ഓരോ ടൗണുകളിലും ആയൂർവേദ മരുന്ന് വില്‍പ്പന കേന്ദ്രങ്ങള്‍ നിരവധി ഉണ്ടെങ്കിലും ഒന്നോ , രണ്ടോ ഷോപ്പുകള്‍ മാത്രമാണ് ഇത്തരം വില്‍പ്പന നടത്തുന്നത്. സാധാരണ ആയൂർവേദ മരുന്ന് വില്‍പ്പന കേന്ദ്രകള്‍ സന്ധ്യമയങ്ങുന്നതോടെ പൂട്ടുമെങ്കിലും പല ടൗണുകളിലും ഏറ്റവും അവസാനം അടക്കുന്നതും ഏറ്റവും ആദ്യം തുറക്കുന്നതും ഇത്തരം അരിഷ്ട വില്‍പ്പന കേന്ദ്രങ്ങളാണ്.
നിയമനടപടികളിലെ പരിമിതികള്‍
സർക്കാർ അംഗീകൃത ആയുർവേദ മരുന്ന് എന്ന പേരില്‍ നിർമ്മിച്ചെത്തുന്നതിനാല് ഇവർക്കെതിരെ എളുപ്പത്തില്‍ നിയമനടപടി സ്വീകരിക്കാൻ പൊലീസിന് കഴിയുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. പ്രമുഖ ബ്രാൻഡുകളുടെ ലേബലില്‍ എത്തുന്നതിനാല്‍ സാധാരണ പരിശോധനകളില്‍ ഇത് പിടിച്ചെടുക്കാൻ നിയമപരമായ തടസ്സങ്ങളുണ്ട്.






