അതിരമ്പുഴ : പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ 4 വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒഎ സജി പറഞ്ഞു. കുട്ടി ആരോഗ്യവാനാണെങ്കിലും ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സിസ്റ്റമാറ്റിക് സര്‍വേ ആരോഗ്യ വകുപ്പു നടത്തികൊണ്ടിരിക്കുകയാണ്. കുട്ടിയുടെ വീടിന്റെ പരിസരത്തുള്ള 15 കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
കൂടാതെ കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അതിരമ്പുഴയിലെ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തിയെന്നും വൃത്തിയില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ പൂട്ടിച്ചെന്നും, മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിലെ പനി, വയറിളക്കം, ഛര്‍ദി എന്നിവയുള്ള കുട്ടികളെ കണ്ടെത്തി രോഗം ലക്ഷണമാണോ എന്നു പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആറാം തീയതിയാണ് കുട്ടിയുടെ കുടുംബം ഓണ്‍ലൈനായി ഓർഡർ ചെയ്തു ഭക്ഷണം കഴിച്ചത്. തുടര്‍ന്നു ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കുട്ടിയെ തെള്ളകത്തെ കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്പിറ്റില്‍ നിന്ന് അപകടനില തരണം ചെയ്ത കുട്ടി ഇപ്പോള്‍ വീട്ടിലാണ്.






