കൊച്ചി: നല്ല നടൻ എന്ന രീതിയില്‍ പ്രേക്ഷകരുടെ ഇഷ്ടം കവരുമ്പോഴും പൊതുവിടങ്ങളിലെ പെരുമാറ്റത്തിന്റെയും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളുടെയും പേരില്‍ പലപ്പോഴും വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടനാണ് വിനായകൻ.
തന്റെ ദാമ്പത്യജീവിതത്തെ കുറിച്ചും തന്റെ പെരുമാറ്റ രീതികള്‍ വിവാഹജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചുവെന്നും തുറന്നു പറയുകയാണ് വിനായകൻ ഇപ്പോള്‍.
സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഭാര്യയുമായി വേർപിരിഞ്ഞാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അവർക്ക് താൻ സമാധാനം കൊടുത്തിരുന്നില്ലെന്നുമാണ് വിനായകൻ വെളിപ്പെടുത്തിയത്.
ഭാര്യ ഉണ്ടായിരുന്നു, ഇപ്പോള്‍ സെപ്പറേറ്റഡായി. ഞങ്ങള്‍ വഴക്കൊന്നുമല്ല. ഒരുമിച്ച് നില്ക്കാൻ പറ്റുന്നില്ല, അതുകൊണ്ട് വേർപിരിഞ്ഞു. ഒരാളോടെങ്കിലും നമ്മള് മനസ്സു തുറന്നു സംസാരിക്കുമല്ലോ. ഞാൻ മനസ്സു തുറന്ന് സംസാരിച്ചിരുന്നത് ഭാര്യയോടായിരുന്നു. ഇപ്പോള്‍ അങ്ങനെ ആരുമില്ല. അവിടെയൊക്കെയാണ് ഞാൻ ഭയങ്കര ഡാർക്കായി പോയത്."
എന്നെ ഹാൻഡില്‍ ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞത്. അവളുടെ പ്രശ്നമല്ല. സമാധാനം കൊടുക്കുന്നില്ല ഞാൻ. ഇതാണ് എനിക്ക് നല്ലത്, പുള്ളിക്കാരിക്കും. അല്ലെങ്കില്‍ സൗണ്ട് ആയിരിക്കും, ബഹളം ആയിരിക്കും എപ്പോഴും. ഇതാണ് നല്ലത്. അവള് ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യുട്യൂബ് വരെ റീചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്," വിനായകൻ്റെ വാക്കുകളിങ്ങനെ.






