.മലപ്പുറം: പത്തുവയസുകാരിയെ 70-കാരൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണില്‍ പകർത്തിയ 46-കാരനും അറസ്റ്റില്‍.
തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. പകർത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ (70) കളിപ്പാട്ടങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ചാണ് പത്തുവയസുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
വിജയകുമാർ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു. തുടർന്ന് ഇയാള്‍ ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകർത്തിയ ശേഷം ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നിലവില്‍ റിമാൻഡിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങള്‍ നൗഫല്‍ രഹസ്യമായി പകർത്തിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.






