കോട്ടയം: നിയന്ത്രണമെല്ലാം പാഴ്വാക്കായി നഗര, ഗ്രാമ വ്യത്യാസമില്ലാതെ പെരുകി തെരുവുനായകള്‍. പദ്ധതികള്‍ പലതു പ്രഖ്യാപിച്ചുവെങ്കിലും ഒന്നും പൂര്ണതയിലെത്താത്തതാണു തെരുവുനായകളുടെ എണ്ണം കൂടാന്‍ കാരണം.
നഗരത്തിലും ജില്ലയിലെ പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലുമായി നിരവധി തെരുവുനായ്ക്കളാണ് ജനജീവിതത്തിനു ഭീഷണിയാകുന്നത്.
കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ മാര്‍ക്കറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചു നായ്ക്കള്‍ പെറ്റുപെരുകി. രാവും പകലും കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. നഗരത്തില്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ ആളുകളെ കടിക്കാനായി ഓടിക്കുന്നതും കടിക്കുന്നതും പതിവാണ്. രാത്രിയില്‍ ഇരുചക്രവാഹനങ്ങളുടെ പിന്നാലെ കുരച്ചുകൊണ്ടു പായുന്നതും, നായ്ക്കള്‍ വാഹനത്തിനു പിന്നാലെ എത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും നിത്യം.
കോട്ടയം നഗരത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ്, മെഡിക്കല്‍ കോളജ് ആശുപത്രി, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, കോടിമത മാര്‍ക്കറ്റ്, ടി.ബി റോഡ്, ശാസ്ത്രി റോഡ്, കലക്ടറേറ്റ് പരിസരം, കഞ്ഞിക്കുഴി, പാസ് പോര്‍ട്ട് ഓഫീസ് റോഡ് തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം തെരുവുനായ്ക്കളുടെ സാന്നിധ്യം രൂക്ഷമാണ്.
ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനു പകരം പല തദ്ദേശസ്ഥാപനങ്ങളും എ.ബി.സി പദ്ധതിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ആക്ഷേപം. പദ്ധതിക്കായി ഫണ്ട് ചെലവഴിച്ചിട്ടും തെരുവുനായ ശല്യത്തിന് കാര്യമായ കുറവുണ്ടാകുന്നില്ല. നായ്ക്കളെ പിടികൂടി എ.ബി.സി കേന്ദ്രങ്ങളിലെത്തിച്ചു വന്ധ്യംകരിച്ചശേഷം അതേ പ്രദേശത്ത് തന്നെ തുറന്നുവിടുന്നതാണു നിലവിലെ രീതി.
വന്ധ്യംകരിച്ച നായ്ക്കളെ സംരക്ഷിക്കാന്‍ ആവശ്യമായ ഷെല്‍ട്ടറുകള്‍ ഒരുക്കിയാല്‍ മാത്രമേ പദ്ധതിക്കു കൂടുതല്‍ ഫലപ്രാപ്തിയുണ്ടാകൂ. തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനം ലഭിച്ച നായപിടുത്തക്കാരുടെ കുറവും തദ്ദേശസ്ഥാപനങ്ങള്‍ക്കു പ്രതിസന്ധിയാണ്.
ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ നവീന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നാളിതുവരെ നടപ്പിലായിട്ടില്ല.






