മുണ്ടക്കയം : എരുമേലി-പൂഞ്ഞാർ സംസ്ഥാന പാതയിൽ പറത്താനം ഷാപ്പിൻപടിക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് തിട്ട ഇടിഞ്ഞത്.
വളവിനോട് ചേർന്നുള്ള ഭാഗമായതിനാൽ പെട്ടെന്ന് ശ്രദ്ധ കിട്ടാതെ വരുമെന്ന് ഡ്രൈവർമാർ പറയുന്നു. ഇരുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിയാൽ സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്ത ഭാഗമാണ് ഇവിടം.
സംരക്ഷണഭിത്തി ഇടിഞ്ഞ പ്രദേശം കാട് കയറി കിടക്കുകയാണ്. രാത്രി എത്തുന്ന വാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണി. ഇതിന് തൊട്ടടുത്ത വളവിലെ കലുങ്കിന് സംരക്ഷണഭിത്തി ഇല്ലാത്തതും അപകടത്തിനിടയാകുന്നു.
നേരത്തേ വാഹനങ്ങൾ നിയന്ത്രണം വിട്ട് കലുങ്കിന്റെ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണമെന്നും തകർന്ന ഭിത്തി പുനർനിർമിച്ച് പാത സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.






