തിരുവനന്തപുരം: ബോര്‍ഡ് കോര്പറേഷന് നിയമനം നീളുന്നതില്‍ യു.ഡി.എഫിലെ ഘടക കക്ഷികളുടെ അതൃപ്തി മറനീങ്ങിയതിനിടെ, പദവികള്‍ വീതംവയ്ക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു.
അതോടെ, ഒട്ടേറെ പുതുമുഖങ്ങള്‍ ബോര്‍ഡ് -കോര്പറേഷന് തലപ്പത്തേക്ക് എത്താനും സാധ്യതയേറി. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി ഭാരവാഹികള്‍ എന്നിവര്‍ക്ക് സ്ഥാനങ്ങള്‍ നല്കിയാല് മതിയെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ഒരു തവണ നിയമസഭാംഗമായവര് മുതല്‍ മുന്‍ എം.പിമാര്‍, മറ്റ് പദവികള്‍ അലങ്കരിച്ചവര്‍ എന്നിവര്‍ക്ക് സ്ഥാനം നല്‍കേണ്ടെന്നാണ് പൊതുവില്‍ അഭിപ്രായം. നിയമസഭയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാത്തവരെ മറ്റു പദവികളിലേക്ക് പരിഗണിക്കണിക്കണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടന്നും തീരുമാനമെടുത്തേക്കും. നിയമസഭാ തെരെഞ്ഞടുപ്പ് വിജയത്തിന് ശേഷം ജൂലൈ 30നാണ് ആദ്യ യു.ഡി.എഫ് യോഗം ചേര്‍ന്നത്. പത്ത് ദിവസത്തിനുള്ളില്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനങ്ങള്‍ വീതം വയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതിന് ശേഷം സംസ്ഥാനത്തുണ്ടായ പ്രളയ സമാന സാഹചര്യങ്ങളും ഓണത്തിരക്കും കാരണം ചര്‍ച്ചകള്‍ തുടങ്ങാനായില്ല.
ഓണത്തിന് ശേഷം വളരെ വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബോര്‍ഡ് -കോര്പറേഷന് നിയമനം നടത്താനാണ് നീക്കം. ഇതിനിടെ, കെ.പി.സി.സി പുനഃസംഘടനയും കീറാമുട്ടിയായി മാറിയിട്ടുണ്ട്.






