കൊല്ലം: ബസ് യാത്രയ്ക്കിടെ വയോധികയുടെ ഒന്നരപ്പവന്റെ സ്വർണ്ണമാല കവരാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ മൂന്ന് യുവതികള്‍ പോലീസിന്റെ പിടിയിലായി.
തൂത്തുക്കുടി സ്വദേശികളായ സിന്ധു, ജ്യോതി, മീനാക്ഷി എന്നിവരെയാണ് ഏരൂർ പോലീസ് അതിവേഗം സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.
അഞ്ചല്‍ - ചെണ്ണപ്പേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. കരുക്കോണ് സ്വദേശിനിയായ ഓമന (65) എന്ന വയോധികയുടെ മാലയാണ് സംഘം കവരാൻ ശ്രമിച്ചത്. തിരക്കുള്ള ബസിനുള്ളില്‍ വെച്ച് വയോധികയുടെ കഴുത്തിലെ മാല അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.തുടർന്ന് ബസിലുണ്ടായിരുന്നവർ ഉടൻ തന്നെ ഏരൂർ പോലീസിനെ വിവരമറിയിച്ചു. പോലീസ് അടിയന്തരമായി സ്ഥലത്തെത്തി മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സ്വകാര്യ ബസുകളിലും മറ്റ് തിരക്കുള്ള പൊതുസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ അപരിചിതരായ ആളുകളുടെ പെരുമാറ്റവും ഇടപെടലുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സംശയകരമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും ഏരൂർ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






