തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിലക്കയറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നും, വിലക്കയറ്റത്തെ പിടിച്ചുനിർത്തുന്നതിന് സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ, ഇങ്ങനെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി കൂടുകയാണ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
അരിക്ക് കിലോ വിലയില്‍ 15 രൂപയോളമാണ് കൂടിയതെന്നും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻകൂട്ടിത്തന്നെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ തയ്യാറായിരുന്നു. 2016 മുതല്‍ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില വർദ്ധിപ്പിച്ചില്ല. പത്താം വർഷം അവസാനമാണ് സബ്സിഡി നിരക്കില്‍ നാമമാത്രമായ വർദ്ധനവ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 3 മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്ന മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞു. രണ്ടായിരത്തി 22 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചതെന്നും പിണറായി പറഞ്ഞു.






