കോഴിക്കോട്: കാപ്പാട് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണു രണ്ടു വയസ്സുകാരൻ മരിച്ചു.
കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകൻ മാസിൻ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. മഴയെത്തുടർന്ന് റോഡില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ചെറിയ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി അബദ്ധത്തില്‍ വീണത്.
അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു. കുട്ടി വെള്ളത്തില്‍ വീണത് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് കുട്ടിയെ വെള്ളത്തില്‍ വീണു കിടക്കുന്ന നിലയില്‍ വീട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






