കോട്ടയം: മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടർന്ന് കോട്ടയം ജില്ല.
പുഴകളുടെ തീരത്തുള്ളവര്‍ ഏറെ ജാഗ്രത പാലിക്കണമെന്നും അരക്ഷിത മേഖലയിലുള്ളവര്‍ സുരക്ഷിത മേഖലയിലേക്കു മാറണമെന്നും നിര്‍ദേശമുണ്ട്.
എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 35 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആകെ 824 പേർ ക്യാമ്പുകളില്‍ കഴിയുന്നു.
പാലാ നഗരം ഇപ്പോഴും വെള്ളത്തില്‍ തന്നെ തുടരുന്നു. പാലാ നഗരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
മീനച്ചിലാറ്റിലെ ജലനിരപ്പ് താഴാത്തതിനാല്‍ കൊട്ടാരമറ്റമടക്കം എല്ലായിടത്തും വഴിയില്‍ വെള്ളം കയറിക്കിടക്കുകയാണ്. ഇതിനാല്‍ ഈ മേഖലയിലെ ഗതാഗതം ഇപ്പോഴും തടസപ്പെട്ടുകിടക്കുകയാണ്.
21.5 അടി ഉണ്ടായിരുന്ന വെള്ളം 20.5 അടിയായി കുറഞ്ഞു. വളരെ സാവധാനമാണ് ജലനിരപ്പ് താഴുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ തുടരുകയാണ്.
വൈദ്യുതി വിതരണം കൂടി തടസ്സപ്പെട്ടതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാണ്.
ഫ്രിഡ്ജുകളില്‍ വച്ചിരിക്കുന്ന മരുന്ന്, ഭക്ഷണ സാമിഗ്രികള്‍ ഉള്‍പ്പെടെയുള്ളവയെയും വൈദ്യുതി തടസ്സം ബാധിക്കുമെന്നുറപ്പായി.
മോട്ടോർ ഉപയോഗിച്ചു ജലവിതരണം മിക്കയിടങ്ങളിലും നടത്തുന്നതിനാല്‍ ടാങ്കുകള്‍ കാലിയായ അവസ്ഥയില്‍ ശുദ്ധജലത്തിനും ബുദ്ധിമുട്ടാൻ തുടങ്ങി.
താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളിലെല്ലാം മലിനജലവും മാലിന്യവും നിറഞ്ഞു ഉപയോഗശൂന്യമായി. വൃത്തിയാക്കാതെ കിണറുകള്‍ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലേക്ക് കൂടുതല്‍ വെളളം എത്തിയതോടെ പേരൂർ, കുമരകം ഉള്‍പ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
ശക്തമായ മഴയെത്തുടര്‍ന്നു ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ധാതുഗതാഗതവും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ കലക്ടര്‍ നിരോധിച്ചു. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നാലുവരെ നിരോധിച്ചിട്ടുണ്ട്.






