പാലാ: ഇത്തവണത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്ത് വിട്ടപ്പോൾ പാലായിലെ പൊലീസ് സേനയ്ക്ക് ഇത് അഭിമാനനിമിഷമാണ്.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
പി.ആർ.ഒയും അസി.സബ് ഇൻസ്പെക്ടറുമായ നിസ ജോഷിക്ക്.
സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരമാണ് തലയോലപ്പറമ്പ് സ്വദേശിനിയായ നിസയെ തേടിയെത്തിയത്.
പാലാ പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും നിസയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ നിസ ജോഷിയെ പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ പാലാ സ്റ്റേഷനിൽ നേരിട്ടെത്തി അഭിനന്ദിച്ചതും ഇരട്ടിമധുരമായി.
നിസ ജോഷി സിനിമാനടികൂടിയാണ്. ഇതുവരെ വേഷമിട്ട എട്ട് സിനിമകളിൽ ആറിലും പൊലീസ് വേഷവും! സിനിമയിൽ മാത്രമല്ല ഔദ്യോഗിക ജീവിതത്തിലും നന്മനിറഞ്ഞ ഒട്ടേറെ നേട്ടങ്ങൾ നിസയുടെ കരിയറിലുണ്ട്.
ഇതിനോടകം 15ഓളം ഗുഡ് സർവീസ് എൻട്രികളും നിസയ്ക്ക് ലഭിച്ചിട്ടുണ്ട്.
''അവസ്ഥാന്തരങ്ങൾ'' എന്ന സിനിമയിലൂടെയാണ് നിസ അഭ്രപാളികളിലേക്കെത്തുന്നത്.
അതിലെ അമ്മ വേഷത്തിന് പുരസ്കാരം ലഭിക്കുകയും ചെയ്തു.
2022 ൽ വനിതാ പൊലീസ് ടീമിന്റെ ഭാഗമായി നെഹൃട്രോഫി വള്ളംകളിയിലും പങ്കെടുത്തു. നിലവിൽ ഏറ്റുമാനൂർ നിരപ്പേൽ വീട്ടിലാണ് താമസം.
ഭർത്താവ് ജോഷി ആറ് വർഷം മുമ്പ് ഒരപകടത്തിൽ ഓർമ്മയായി.
മകൾ അനഘ നഴ്സാണ്. മകൻ ആദം ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.






