കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എമാർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി. ജലീല്‍. ലീഗ് എംഎല്‍എമാരുടെ വീടുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞത് 100 കോടിയുടെ ഹവാല ഇടപാടുകളുടെ രേഖകള്‍ ലഭിക്കുമെന്ന് ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണാ ടി. ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകളോട് പ്രതികരിക്കവെയാണ് ജലീല്‍ ലീഗ് എംഎല്‍എമാർക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
അവസാനം എന്തായി? കുന്തായി!85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി പഞ്ച് കിട്ടിയേനെ. ലീഗ് MLA-മാരുടെ വീടുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകള്‍ കിട്ടും. ഇതിപ്പോ പറ്റെ കുറഞ്ഞല്ലോ ഈഡീ. നിങ്ങള്‍ ആരെയാണ് വിഡ്ഢികളാക്കുന്നത്. ഖുർആനിലെ സ്വർണ്ണക്കടത്താരോപിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളും യു.ഡി.എഫും എനിക്കെതിരെ പ്രചരിപ്പിച്ചതൊക്കെ പെട്ടന്ന് മറന്നോ?ഖുർആനിനൊപ്പം സ്വർണം കയറ്റിയ വണ്ടി എം.സി റോഡ് വഴി ആദ്യം പെരുമ്പാവൂരിലെത്തി. അവിടെ കുറച്ചു പാക്കറ്റുകള്‍ ഇറക്കി. സ്വർണ്ണക്കട്ടികള്‍ കയറ്റിയ വണ്ടി തൃശൂരിലെത്തിയപ്പോള്‍ GPS ബോധപൂർവ്വം കേടു വരുത്തി. പിന്നെ വണ്ടി നേരെ ബാഗ്ലൂരിലേക്ക് പോയി. അവിടെ വെച്ച് സ്വർണ്ണക്കട്ടികള്‍ കോടികള്‍ക്ക് വിറ്റു.ഇങ്ങിനെ എന്തൊക്കെ? ചില പത്രങ്ങള്‍ വണ്ടിയുടെ റൂട്ട് മേപ്പ് ഉള്‍പ്പടെ കൊടുത്താണ് ഒന്നാം പേജില്‍ പ്രധാന വാർത്തയായി ഈ നുണക്കഥകള്‍ പ്രചരിപ്പിച്ചത്.ഖുർആൻ കോപ്പികള്‍ കൊണ്ടു പോയ വണ്ടിയുടെ GPS, NIA പരിശോധിക്കാൻ വന്നതു വരെ അന്ന് വാർത്തയായി! NIA-യുടെ തലക്ക് വെളിവില്ലായ്മ അന്നാണ് എനിക്ക് ബോദ്ധ്യമായത്. എന്നിട്ടവസാനം എന്തായി? കുന്തായി! വീണക്കെതിരായ കള്ളക്കഥകള്‍ക്കും അല്‍പ്പായുസ്സേ ഉണ്ടാകൂ. ഒരു മനുഷ്യനെ അപമാനിക്കുന്നതിന് ഒരതിരു വേണം. അല്ലാ പിന്നെ!






