ഡൽഹി: സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സമരക്കാരെ തടയാൻ ഡല്‍ഹിയില്‍ 18 മെട്രോസ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.
ഇന്ന് രാവിലെ ഏഴര മുതല്‍ ഡല്‍ഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
തുടർച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്.
പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രല്‍ സെക്രട്ടേറിയറ്റ് എന്നിവയുള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ബാധകമാവുക. ഈ സ്റ്റേഷനുകളില്‍ യാത്രക്കാർക്ക് ഒരു ലൈനില്‍ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാല്‍, ഈ സ്റ്റേഷനുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡ്വൈസറിയില്‍ വ്യക്തമാക്കുന്നു.
നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം ഇന്നാണ്. ജില്ലാ തലത്തില്‍ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കും. പൊലീസ് അതിക്രമം നേരിട്ട വിദ്യാർഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാർച്ച്. മെഴുകുതിരി ജാഥകള്‍ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറുടെയോ പ്രതിമകള്‍ക്ക് മുന്നില്‍ സമാപിക്കണമെന്നും അവിടെ സത്യാഗ്രഹം സംഘടിപ്പിക്കണമെന്നുമാണ് നിർദേശം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ്ര സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഉച്ച കഴിഞ്ഞാണ് യോഗം. യോഗത്തില്‍ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരും സി ജെ പി വക്താക്കളും പങ്കെടുക്കും. ഇന്നലെ നടത്തിയ ചർച്ചയില്‍ ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്‍ ഇന്ന് തീരുമാനം അറിയിക്കമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.






