കോഴിക്കോട് : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ 1001-ാമത്തെ കുഞ്ഞ് കൂടി എത്തിച്ചേർന്നു. 2002ൽ തിരുവനന്തപുരത്ത് തുടങ്ങിയ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പുലർച്ചെ ആയിരാമത്തെ അതിഥി "സഹസ്ര" എത്തിയതിന് പിന്നാലെയാണ്, ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു കുഞ്ഞു കൂടി എത്തിയത്.
ഉച്ചയ്ക്ക് 1.30ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു.കുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയ ഉടൻ തൊട്ടിലിനോട് ചേർന്നുള്ള ബീച്ച് ആശുപത്രി നഴ്സിംഗ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നിമിഷങ്ങൾക്കുള്ളിൽ നഴ്സിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പൂർണ്ണ ആരോഗ്യവതിയാണ് കുഞ്ഞെന്ന് കണ്ടെത്തി.
കഴിഞ്ഞ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ അമ്മത്തൊട്ടിലിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണ് സഹസ്രിക. ആയിരാമത്തെ കുഞ്ഞായ "സഹസ്ര" യുടെ പിൻഗാമിക്ക് "സഹസ്രിക" എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ അരുൺ ഗോപി അറിയിച്ചു.






