തിരുവനന്തപുരം: ശബരിമല പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ആചാരമല്ലെന്നും ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.
ജയകുമാർ. വണ്ടികളുടെ മുന്നില്‍ കർപ്പൂരം കത്തിക്കുന്നതും, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ, സോപ്പ് തുടങ്ങിയവ ശബരിമലയിലേക്ക് കൊണ്ടുവരുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയെ പവിത്രമായ പുണ്യസങ്കേതമായി സംരക്ഷിക്കാൻ ഓരോ അയ്യപ്പഭക്തനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടകരുടെ പരാതികള്‍ തീർത്ഥാടന കാലം കഴിയുന്നതുവരെ വെച്ചുതാമസിപ്പിക്കാതെ അപ്പപ്പോള്‍ തന്നെ പരിഹരിക്കുന്ന രീതിയിലേക്ക് ബോർഡിന്റെ പ്രവർത്തനം മാറണം. ഇതിനായി കാര്യക്ഷമമായ ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ഏർപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തർക്ക് ശബരിമലയിലെ വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ‘ശബരിമല സന്ദേശ്’ മാസിക പ്രസിദ്ധീകരിക്കും. മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് നവംബർ 15-ഓടെ മാസിക പുറത്തിറക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. പ്രത്യേക ആചാരങ്ങളെക്കുറിച്ചും വിവരങ്ങളെക്കുറിച്ചും മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർക്ക് കൃത്യമായ അവബോധം നല്കാൻ ഈ മാസിക സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






